കുടുംബശ്രീ തണ്ണിമത്തൻ കൃഷി 15.75 ഏക്കറിൽ വിളവെടുപ്പിന് ഒരുക്കമായി
1543516
Friday, April 18, 2025 3:45 AM IST
പത്തനംതിട്ട: വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച വേനൽമധുരം പദ്ധതി വിളവെടുപ്പിലേക്ക്.
ജില്ലയിൽ 15.75 ഏക്കറിലാണ് കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ വിളയുന്നത്. കടുത്ത വേനൽക്കാലത്ത് തണ്ണിമത്തന്റെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് തണ്ണിമത്തൻ കൃഷി ജില്ലയിൽ ആരംഭിച്ചത്. വിഷരഹിത തണ്ണിമത്തൻ ഉറപ്പാക്കുക കൂടിയാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷമിട്ടത്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തണ്ണിമത്തൻ കൃഷി തുടങ്ങിയിരുന്നു. താത്പര്യമുള്ള സംഘകൃഷി ഗ്രൂപ്പ് വനിതകളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയാണ് കൃഷി ആരംഭിച്ചത്.
ആർക മണിക് വിത്തിനം
ബംഗളൂരു ഐഐഎച്ച്ആർ ൽ നിന്നുള്ള ഹൈബ്രിഡ് തണ്ണിമത്തൻ വിത്തായ ആർക മണിക് ആണ് ജില്ലയിൽ കൃഷി ചെയ്തിരിക്കുന്നത്. എട്ട് ബ്ലോക്കുകളിലായി 63 സംഘകൃഷി ഗ്രൂപ്പുകളാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
ഒരു സംഘത്തിൽ നാല് അംഗങ്ങളാണുള്ളത്. കുടുംബശ്രീ നാട്ടുചന്തയിലൂടെയും പ്രാദേശിക വിപണിയിലൂടെയും വില്പന നടത്തുകയാണ് ലക്ഷ്യം. 2023 ൽ 43 ഗ്രൂപ്പുകളിലായി 10,320 കിലോഗ്രാം 40 രൂപ നിരക്കിൽ 4,12,800 രൂപയുടെ വിപണനം നടത്താൻ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിച്ചിരുന്നു.
വേനൽമഴ ഭീഷണി
അപ്രതീക്ഷിതമായെത്തിയ വേനൽമഴ തണ്ണിമത്തൻ കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.
കടുത്ത വേനലിൽ ആശ്വാസമായി വിഷരഹിത തണ്ണിമത്തൻ വില്പനയ്ക്കെത്തിക്കാനാണ് വേനൽമധുരം പദ്ധതി ആരംഭിച്ചത്.
മഴ കനത്താൽ തണ്ണിമത്തൻ വില്പന ഇടിയാനും വെള്ളം കയറി കൃഷി നശിക്കാനും സാധ്യതയുണ്ട്.