റോബോട്ടിക് ശസ്ത്രക്രിയ നൂറെണ്ണം തികച്ച് ബിലീവേഴ്സ് ആശുപത്രി
1543213
Thursday, April 17, 2025 2:56 AM IST
തിരുവല്ല: റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആഘോഷ - ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനവും ഔപചാരിക ലോഞ്ചിംഗും മുൻ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പദ്മഭൂഷൺ പി. ആർ. ശ്രീജേഷ് നിർവഹിച്ചു.
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ ഡോ. സമീർ അലി മുഖ്യാതിഥി ആയിരുന്നു. ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന വർണാഭമായ ചടങ്ങിൽ ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനു മാത്യു ചെറിയാൻ, അസോസിയേറ്റ് ഡയറക്ടറും അസ്ഥിരോഗ വിഭാഗം സീനിയർ കൺസൾട്ടനുമായ ഡോ. സാമുവൽ ചിത്തരഞ്ജൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, അസ്ഥിരോഗ വിഭാഗം റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. നിതിൻ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ബിലീവേഴ്സ് ആശുപത്രിയിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹൻ കുമാർ അനുഭവങ്ങൾ വിശദീകരിച്ചു. റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയരായ 100 പേർക്ക് സ്പെഷൽ വൗച്ചറുകൾ സമ്മാനിച്ചു.
മുഖ്യാതിഥി ശ്രീജേഷിന് ആശുപത്രി ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉപഹാരം നൽകി. നൂറ് റോബോട്ടിക് സർജറികൾ പൂർത്തിയാക്കിയതിന്റെ സ്മരണയിൽ ഒപ്പിട്ട ഹോക്കി സ്റ്റിക്കും ബോളും ശ്രീജേഷ് ബിലീവേഴ്സ് ആശുപത്രിക്ക് സമ്മാനിച്ചു.
കൂടുതൽ കൃത്യമായും സൂക്ഷ്മമായും രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങിവരാനും സാധിക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകൾ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന കാലഘട്ടമാണിതെന്നും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചികിത്സാ ചെലവിൽ റോബോട്ടിക് ശസ്ത്രക്രിയകൾ അടക്കമുള്ള സൗകര്യങ്ങൾ നൽകുവാനായി വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.