ഓശാനത്തിരുനാള്‍ കൊണ്ടാടി; വിശുദ്ധവാരത്തിനും തുടക്കം
1542603
Monday, April 14, 2025 3:11 AM IST
പത്തനംതിട്ട: ജെറുസലെമിലേക്ക് യേശു നടത്തിയ ജയോത്സവ പ്രവേശനത്തിന്റെ സ്മരണയില്‍ കുരുത്തോലകളും പൂക്കളുമായി ഓശാനത്തിരുനാള്‍ കൊണ്ടാടി. ദേവാലയങ്ങളില്‍ ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചായിരുന്നു ഓശാന ശുശ്രൂഷകൾ. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. കുരുത്തോലയുമേന്തി ദേവാലയത്തിനു പുറത്തേക്കു നടത്തിയ പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പ്രാര്‍ഥനയോടെ പങ്കെടുത്തു. ഓശാന ഗീതങ്ങള്‍ ആലപിച്ച് കുട്ടികള്‍ പൂക്കളും വാരിവിതറി.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പുന്നവേലി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയും വല്യയന്തി സെന്റ് തോമസ് ദേവാലയത്തില്‍ രൂപത പ്രഥമ അധ്യക്ഷന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റവും ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ നേതൃത്വം നൽകി.
ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍
ആറന്മുള: സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി. 17 ന് പെസഹാ വ്യാഴം വൈകുന്നേരം അഞ്ചിന് തിരുവത്താഴ പൂജ, പാദക്ഷാളന കര്‍മം, ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന.
18 ന് ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് കുരിശിന്റെ വഴി തെക്കേമല ജംഗ്ഷനില്‍ നിന്നാരംഭിച്ച് കോഴഞ്ചേരി വഴി ദേവാലയത്തില്‍ സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ക്രിസ്തുവിന്റെ പീഡാസഹനാനുസ്മരണം, തിരുവചന പ്രഘോഷണ കര്‍മം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കല്‍, മുള്‍മുടി നേര്‍ച്ച.
ഒമ്പതിനു പെസഹാജാഗരം, ദീപാര്‍ച്ചന, പെസഹാപ്രഘോഷണം, ദൈവ വചനപ്രഘോഷണം, ജ്ഞാനസ്നാന ജലാശീര്‍വാദം, ജ്ഞാന സ്നാന വ്രതനവീകരണം, ഉയിര്‍പ്പ് ദിവ്യബലി. 20നു രാവിലെ എട്ടിന് ദിവ്യബലി എന്നിവ നടക്കും.
നിര്‍മലപുരം പള്ളിയില്‍
ചുങ്കപ്പാറ: കരുവള്ളിക്കാട് കുരിശുമല തീര്‍ഥാടന ദേവാലയമായ നിര്‍മലപുരം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധവാരത്തില്‍ 40 മണിക്കൂര്‍ ആരാധനയും വിശുദ്ധ കുമ്പസാരവും നാളെ വൈകുന്നേരം 5.30 മുതല്‍ പെസഹാവ്യാഴം ഉച്ചയ്ക്ക് 12 വരെ ക്രമീകരിക്കും.
പരുമല സെമിനാരി പള്ളിയിൽ
പരുമല : യേശുക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ ഓശാനപ്പെരുന്നാള് ആഘോഷിച്ചു. ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, അസി.മാനേജര്‍ ഫാ. ജെ.മാത്തുക്കുട്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധവാരത്തോടനുബന്ധിച്ച യാമപ്രാര്‍ഥനകളും ആരംഭിച്ചു. പെസഹവ്യാഴം പുലര്‍ച്ചെയും ദുഃഖവെള്ളിയാഴ്ച രാവിലെയും ശുശ്രൂഷകള്‍ ആരംഭിക്കും. ഈസ്റ്റര്‍ ശുശ്രൂഷുകള് 20നു പുലര്‍ച്ചെയാണ്. വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.
കണ്ണംപള്ളി പള്ളിയില്‍
റാന്നി: കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഓശാനത്തിരുനാളോടെ തുടക്കമായി. കുരുത്തോല ആശീര്‍വാദം, പ്രദക്ഷിണം, സന്ദേശം, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു വികാരി ഫാ. ബിജു ചുളയില്ലാപ്ലാക്കല്‍ നേതൃത്വം നല്കി. ഓശാനയെത്തുടര്ന്ന് ഇന്നലെ ആരംഭിച്ച വാര്‍ഷിക ധ്യാനം ബുധനാഴ്ച സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 നാണ് ധ്യാനം ആരംഭിക്കുക. പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30നു തുടങ്ങും.
കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയുണ്ടാകും. ദു:ഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 8.30 ന് കൂപ്പ് സെന്റ് തോമസ് കുരിശുപള്ളിയില്‍ ആരംഭിച്ച് വിശുദ്ധ കുരിശിന്റെ വഴിയായി സെന്റ് മേരീസ് പള്ളിയിലേക്ക് നീങ്ങും. കര്‍മങ്ങള്‍ക്കു ശേഷം ദേവാലയത്തില്‍ സമാപിക്കും.
കരുവാറ്റ മാര്‍ സ്ലീവാ പള്ളിയിൽ
അടൂർ: കരുവാറ്റ മാര്‍ സ്ലീവാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ഓശാന ശുശ്രൂഷയുടെ ഭാഗമായി സെന്റ് ജോണ്‍ ഓഫ് ഗോഡ് കോണ്‍വെന്റ് ചാപ്പലില്‍ നിന്നും പ്രദക്ഷിണം നടന്നു.
തുടര്‍ന്ന് ഓശാന ശുശ്രൂഷയും കൂര്‍ബാനയും നടത്തി. ഇടവക വികാരി ഫാ.ലൂക്കാ വെട്ടുവേലിക്കുളം കാര്‍മികത്വം വഹിച്ചു.
അടൂര്‍ സെന്റ് ജോണ്‍ ഓഫ് ദ ക്രോസ് പള്ളി അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ നിന്നും പ്രദക്ഷിണമായി ദേവലായത്തില്‍ എത്തി ഓശാന ശുശ്രൂഷയും കുര്‍ബാനയും നടത്തി. ഇടവക വികാരി ഫാ. ജോസ് വെച്ചുവെട്ടിക്കല്‍ കാര്‍മികത്വം വഹിച്ചു.
അടൂര്‍ തിരുഹൃദയ കത്തോലിക്ക പള്ളിയില്‍ ഫാ. ശാന്തന് ചരുവില്‍ ഓശാന ശുശ്രൂഷയ്ക്കും കുർബാനയ്ക്കും കാര്‍മികത്വം വഹിച്ചു. കണ്ണംകോട് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രുഷകള്‍ക്ക് ഫാ. ജൂവിന് രാജും കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രുഷകള്‍ക്ക് ഇടവക വികാരി ഫാ. ഷിജു ബേബിയും മുന്‍ വികാരി ഫാ. ജോര്‍ജ് വര്‍ഗീസും കാര്‍മികരായിരുന്നു.