കടമ്മനിട്ട പടയണിക്ക് നാളെ ചൂട്ടുവയ്പ്
1541966
Saturday, April 12, 2025 3:40 AM IST
പത്തനംതിട്ട: കടമ്മനിട്ട ഭഗവതീ ക്ഷേത്രത്തിലെ പടയണിക്ക് നാളെ ചൂട്ടുവയ്ക്കും. രാത്രി ഒമ്പതിനുശേഷം ബി. കെ. ഉണ്ണികൃഷ്ണന്‍നമ്പൂതിരി പകര്‍ന്നു നല്കുന്ന ചൂട്ടുകറ്റ ഏറ്റുവാങ്ങി പടയണി കളത്തിലെ ചൂട്ടകല്ലില്വയ്ക്കും. 15ന് പച്ചത്തപ്പകൊട്ടി വിളിച്ചിറക്ക് നടക്കും. 16 മുതല്‍ കാച്ചിക്കൊട്ടോടുകൂടി കളത്തില്‍ പടയണി ആരംഭിക്കും. മൂന്നാം ദിവസം മുതല്‍ എട്ടാംദിവസം വരെയാണ്കളത്തില് പടയണി നടക്കുന്നത്.
19ന് അടവിയോടുകൂടിയാണ് ചടങ്ങുകള്‍ നടക്കുന്നത്. 21നാണ് കടമ്മനിട്ട വലിയ പടയണി. പിറ്റേന്ന് രാവിലെ സൂര്യോദയം കണ്ടേ പടയണി ചടങ്ങുകള്‍ സമാപിക്കുകയുള്ളൂ. പുലര്‍ച്ചെ മംഗള രവി തുള്ളി, പൂപ്പട വാരി. കരവഞ്ചി ഇറക്കിയശേഷം തട്ടുമ്മേല്‍ കളിയോടെ പടയണി സമാപിക്കും. ഒന്‍പതാം ദിവസം ചടങ്ങുകള്‍ ഉണ്ടാകില്ല.
23 പത്താമുദയ മഹോത്സവം നടക്കും. അന്ന് രാവിലെ പത്തു മുതല്‍ പകല്‍ പടയണി നടക്കും. വൈകുന്നേരം നാലിന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. 21നു രാത്രി 7.15ന് സാംസ്കാരിക സമ്മേളനവും പുരസ്കാര സമര്‍പ്പണവും നടക്കും. കേരള ഫോക് ലോര്‍ അക്കാഡമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സുരേഷ് സോമ, ആർ. പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ പുരസ്കാരങ്ങളുടെ സമര്‍പ്പണം നടത്തും. ക്ഷേത്രം ഭാരവാഹികളായ കെ. പുരുഷോത്തമന് പിള്ള, വി.ബി. ഓമനക്കുട്ടന് നായർ, എം. ജി. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.