യാത്രക്കാര്‍ക്കു ഭീഷണിയായി വൃക്ഷങ്ങള്‍
1542593
Monday, April 14, 2025 3:05 AM IST
അടൂര്‍: സംസ്ഥാന പാതയായ അടൂര്‍ - കായംകുളം റൂട്ട് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേപോലെ ഭീഷണിയാണ്. റോഡരികിലെ മരങ്ങളാണ് പ്രശ്നം. കടപുഴകിയും വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞും നിരവധി അപകടങ്ങള്‍ ഇതിനോടകം പാതയിലുണ്ടായി. നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനും ലൈഫ് ലൈന്‍ ആശുപത്രിക്കും മധ്യേയാണ് അപകടങ്ങള്‍ ഏറെയുമുണ്ടായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഹൈസ്കൂള്‍ ജംഗ്ഷന് ഭാഗത്തുപോലും മരങ്ങളെ പേടിക്കാതെ നില്‍ക്കാനാകില്ല. ഒരുകാലത്ത് തണലിനുവേണ്ടി നട്ടുപിടിപ്പിച്ചവയും സ്വയമായി വളര്‍ന്നു വലുതായതുമായ മരങ്ങളാണ് ഭീഷണിയായി മാറിയിട്ടുള്ളത്.
അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാനോ ശിഖരങ്ങള്‍ മുറിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ലൈഫ് ലൈന്‍ ആശുപത്രിക്കു സമീപം രണ്ടുവര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തകനായ രാധാകൃഷ്ണന് വൃക്ഷ ശിഖരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചത്. ഇരുചക്ര വാഹനയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.
അപകടങ്ങള്‍ക്കുശേഷവും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറാകുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ടിപിയുടെയും അധീനതയിലുള്ള റോഡുകളില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുമ്പോള്‍ വനംവകുപ്പ് ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അനുമതി സാമൂഹ്യവനവത്കരണ വകുപ്പ് നല്‍കേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് പരിശോധന നടത്തണം. നടപടിക്രമങ്ങള്‍ പൂര്ത്തീകരിക്കുമ്പോഴേക്കു മരങ്ങള്‍ താഴെ വീണ് അപകടങ്ങള്‍ പതിവാണ്.
അടൂര്‍ ഫയര്‍ സ്റ്റേഷനു സമീപവും മരം അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്. ഉണങ്ങി നില്ക്കുന്ന മരച്ചില്ലകള്‍ പോലും മുറിച്ചുമാറ്റുന്നില്ല.
അടൂര്‍ സെന്‍ട്രല്‍ മൈതാനിയിലും ഭീഷണി
അടൂർ: മനുഷ്യ ജീവന് ആപത്ത് വരത്തക്കവിധത്തിലാണ് അടൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെ മരച്ചില്ലകള്‍ ഉണങ്ങി നില്‍ക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി സമൃതി മണ്ഡപത്തിലെ മരങ്ങളില്‍ റോഡിലേക്കുള്ള ചില്ലകളാണ് അപകടകരമായ വിധത്തില്‍ ഉണങ്ങിനില്ക്കുന്നത്.
ഇത് വെട്ടിമാറ്റന്‍ ജില്ലാ കളക്ടര്‍ അനുവാദം നല്കിയപ്പോഴും അടൂരിലെ ഒരു പറ്റം രാഷ്ട്രീയ നേതാക്കളും പ്രകൃതി സ്നേഹികളും എതിര്‍പ്പുമായി രംഗത്തു വന്നിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും രപകല് ഭേദമില്ലാതെ കടന്നു പോകുന്ന റോഡിലാണ് മരങ്ങള്‍ ഭീഷണിയായി മാറിയിട്ടുള്ളത്.
ഉണങ്ങി നില്ക്കുന്ന ചില്ലകള്‍ വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്നാവശ്യവുമായി വ്യാപരാരികളും നാട്ടുകാരും രംഗത്തുണ്ട്.
ചാലാപ്പള്ളി റോഡില്‍ കാറ്റടിച്ചാല്‍ മരം വീഴും
മല്ലപ്പള്ളി: താലൂക്കില്‍ മല്ലപ്പള്ളി പൂവനാല്‍ക്കടവ് - ചെറുകോല്‍പ്പുഴ റോഡരികിലെ മരങ്ങളാണ് യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയാകുന്നത്. ഇതില്‍ തന്നെ ചാലാപ്പള്ളിക്കും തീയാടിക്കലിനും മധ്യേയാണ് അപകടകാരികളായി മരങ്ങള്‍ ഏറെയും നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച കാറ്റിലും മഴയിലും ചാലാപ്പള്ളിയില്‍ മാവ് ഒടിഞ്ഞുവീണു. മാവിന്റെ ശിഖരങ്ങള്‍ ചെറുകോല്‍പ്പുഴ റോഡിലേക്കാണ് നിലംപതിച്ചത്. തിരക്കേറിയ റോഡില്‍ ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.
സമീപകാലത്തു റോഡ് നവീകരിച്ചതാണെങ്കിലും അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറായില്ല. എഴുമറ്റൂരിനും തീയാടിക്കലിനും മധ്യേ നിരവധി സ്ഥലങ്ങളില്‍ മാവ് റോഡില്‍ നിന്നിരുന്നു. ഇതില്‍ ഏതാനും എണ്ണം മുറിച്ചു മാറ്റി. കൂടുതല്‍ അപകടാവസ്ഥയിലുള്ളതടക്കം മുറിച്ചു നീക്കിയതുമില്ല.
റോഡിന്റെ വീതി പോലും അപഹരിച്ചാണ് പലയിടത്തും വൃക്ഷങ്ങള്‍ നില്‍ക്കുന്നത്. എഴുമറ്റൂരിനും പാടിമണ്ണിനും മധ്യേ പാഴ്മരങ്ങളും കാടുമാണ് യാത്രയ്ക്കു തടസമാകുന്നത്. യാത്രക്കാരുടെ സുരക്ഷയെ കരുതി ഇത് മുറിച്ചനീക്കാന് അധികൃതര്‍ തയാറാകുന്നില്ല. റോഡില്‍ പലയിടത്തും വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവായി.
മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നതു പോലും പലപ്പോഴും യാത്രക്കാരുടെ കണ്ണില്പെടാറില്ല. പലയിടത്തും മരം റോഡിന്റെ വീതിയും അപഹരിച്ചാണ് നില്‍ക്കുന്നത്. വളവുകളിലും മറ്റും നില്ക്കുന്ന ഈ മരങ്ങളില്‍ വാഹനം ഇടിച്ചും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.