ഉപറോഡുകളില്‍നിന്ന് അപകടസാധ്യതകള്‍; വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാതെ അടൂര്‍ ബൈപാസ്
1542159
Sunday, April 13, 2025 3:54 AM IST
അടൂർ: ബൈപാസില്‍ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്‍ക്കു കാരണമാകുന്നു. എംസി റോഡില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ബൈപാസ് അവസാനിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിര്‍മിച്ച ഘട്ടത്തില്‍ പ്രദേശം ജനവാസമേഖലയായിരുന്നില്ല.
അതിനാല്‍ വളവുകള്‍ പരമാവധി ഒഴിവാക്കി നിര്‍മാണം നടത്തുന്നതിലേക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കി ബൈപാസ് നവീകരിക്കുന്നതിലേക്ക് കെഎസ്ടിപി നല്കിയ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടില്ല.
ഉപറോഡുകളില്നിന്നും ബൈപാസിലേക്കു കയറുന്ന വാഹനങ്ങള്‍ക്ക് ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അതേപോലെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനു സ്ഥലം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി അപകട വളവുകളാണ് ബൈപാസിലുള്ളത്. വളവുകളുളള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ വളവുകള്‍ക്കരികില്‍ പാര്‍ക്ക് ചെയ്യുന്നതും സ്ഥാപനങ്ങളില്‍ കയറിയശേഷം അശ്രദ്ധമായി വാഹനങ്ങള്‍ മുമ്പോട്ടെടുക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കു കാരണമാകുന്നു. ബൈപാസിലെ തുടര്‍ച്ചയായ വളവുകള്‍ കാരണം ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച ലഭിക്കാറില്ല. ഇതിനൊപ്പം അമിതവേഗം കൂടിയാകുമ്പോള്‍ അപകടങ്ങള്‍ പെരുകുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിംഗും റോഡിനു മധ്യത്തിലായി വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.പാര്‍ഥസാരഥി ജംഗ്ഷന് - വട്ടത്തറപ്പടി - മുന്നാളം റോഡ് വട്ടത്തറപ്പടി വളവിലാണ് ബൈപാസ് മുറിച്ചു കടക്കുന്നത്.
വേഗ നിയന്ത്രണ സംവിധാനങ്ങളില്ല
ബൈപാസ് റോഡ് അപകടമുനമ്പായി മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. റോഡില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ല.
തടി കയറ്റി വരുന്ന ലോറികൾ, കണ്ടെയ്നറുകള്‍, ട്രെയിലറുകള്‍, പെട്രോള്‍ ടാങ്കറുകൾ, ചരക്കുലോറികള്‍ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ പാര്‍ക്ക് ചെയ്യാറുണ്ട്. ബൈപാസിലെ കെട്ടിട നിര്‍മാണഘട്ടത്തില്‍ പാര്‍ക്കിംഗ് ക്രമീകരണം വേണമെന്നതും പരിഗണിക്കപ്പെടാറില്ല. പാര്‍ക്കിംഗ് സ്ഥലം ചൂണ്ടിക്കാട്ടി നഗരസഭയില്‍നിന്ന് കെട്ടിട നിര്‍മാണ അനുമതി വാങ്ങുന്നവര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ പാര്‍ക്കിംഗ് സ്ഥലം കെട്ടിയടയ്ക്കുകയാണ് പതിവ്.
ഇതോടെ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നു. രാത്രികാലങ്ങളിലടക്കം പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകളാണ് ബൈപാസ് റോഡരികിലുള്ളത്. ഇവിടങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളധികവും റോഡരികിലാണ് പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തുന്നത്.