ലഹരിക്കെതിരേ 3,000 കേന്ദ്രങ്ങളില്‍ ഇന്ന് സിപിഎം പ്രതിജ്ഞ
1541961
Saturday, April 12, 2025 3:33 AM IST
പത്തനംതിട്ട: ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് 3000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
ഒരു വാര്‍ഡില്‍ മൂന്ന് കേന്ദ്രങ്ങളിലാകും പരിപാടി നടക്കുക. നൂറ് വീടിന് ഒരു കേന്ദ്രമെന്ന നിലയിലാണ് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ഡ് തലത്തിലാണ് പരിപാടി. ഇന്നു വൈകുന്നേരം നാലിനും ആറിനും ഇടയിലാണ് പ്രതിജ്ഞയെടുക്കുക.
പ്രധാനമായും വീട്ടുമുറ്റങ്ങളിലാകും ആളുകള്‍ ഒത്തുകൂടുക. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കല്ലറക്കടവില്‍ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിര്‍വഹിക്കും. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്.
മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെയടക്കം തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്നങ്ങൾ, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊതുസമൂഹത്തെ പങ്കെടുപ്പിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി പോരാട്ടം തുടങ്ങുന്നതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.