മലയോര കര്‍ഷകര്‍ക്ക് ഇരുട്ടടി; പാട്ടക്കരാറുകാര്‍ക്ക് വായ്പകള്‍ നിഷേധിക്കുന്നു
1541959
Saturday, April 12, 2025 3:33 AM IST
റാന്നി: സ്വന്തം ഭൂമിക്ക് പട്ടയമില്ലാതെ കാലങ്ങളായി വലയുന്ന മലയോര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍വക ഇരുട്ടടി വീണ്ടും. പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ കാര്‍ഷിക ആവശ്യത്തിനും മറ്റും നല്കിവന്നിരുന്ന വായ്പകള്‍ ഇനി നല്‍കില്ലെന്ന് ബാങ്കുകൾ. നേരത്തെതന്നെ പല വാണിജ്യ ബാങ്കുകളും ഇത്തരം വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കേരള ബാങ്കും ആ വഴിക്കു നീങ്ങുകയാണ്.
കൈവശക്കാര്‍ക്ക് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയം വാഗ്ദാനം ചെയ്തുവെങ്കിലും ഇതു നല്‍കിയിട്ടില്ല. പട്ടയമില്ലാത്ത ഭൂമിയാണെങ്കിലും കാര്‍ഷിക ആവശ്യത്തിനു ചെറിയ പലിശയില്‍ വായ്പ എടുക്കാനാകുമായിരുന്നു. ഇത്തരത്തില്‍ കര്‍ഷകര്‍ക്കു ലഭിച്ചിരുന്ന അവകാശമാണ് ഇല്ലാതാക്കിയത്. അതോടൊപ്പം മറ്റൊരാളുടെ കരം രസീതില്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ പലിശ ഇളവില്‍ വായ്പയെടുത്തു കൃഷിക്കും മറ്റും ഉപയോഗിക്കാമെന്ന തീരുമാനവും റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും ബാങ്കുകള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. കാട്ടുമൃഗങ്ങളുടെ ശല്യവും കാര്‍ഷിക മേഖലയിലെ വിലയിടിവും കുടുംബ ബജറ്റുകളെ താളംതെറ്റിച്ചിരിക്കുകയാണ്.
നാളികേരത്തിനു വിലയുണ്ട്, ഉത്പാദനമില്ല
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വിപണിയില്‍ വില ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ഇതുകൊണ്ടു പ്രയോജനമില്ലാത്ത സ്ഥിതിയാണ്. നാളികേര ഉത്പാദനം താഴേക്കു പോയതാണ് പ്രധാന പ്രശ്നം. മലയോര മേഖലയില്‍ നാളികേരം കണികാണാന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. കുരങ്ങ്, മലയണ്ണാന്, ആന എന്നിവ കേര കൃഷിയെ നാമാവശേഷമാക്കി.
കാട്ടാനയും കാട്ടുപന്നിയും തെങ്ങിന് തൈകള്‍ വ്യാപകമായി നശിപ്പിച്ചപ്പോള്‍ കരിക്കും തേങ്ങയും കുരങ്ങിന്റെയും മലയണ്ണാന്റെയും ആഹാരമായി. ഇതോടെ വീട്ടാവശ്യത്തിനു പോലും നാളികേരം തികയാതെ വന്ന സാഹചര്യമാണ്. വിപണി വിലയ്ക്കു തേങ്ങ വാങ്ങി ഉപയോഗിക്കേണ്ടിവരികയാണ് കര്‍ഷകരും.
ആവശ്യത്തിന്റെ തോതനുസരിച്ച് നാളികേരം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും കൊണ്ടുവരുന്ന നാളികേരമാണ് നിലവില്‍ കേരള വിപണിയിലുള്ളത്. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാളികേരമെന്ന പേരിലാണ് വിപണിയില്‍ ഇവ എത്തുന്നത്.
സാക്ഷാല്‍ തമിഴ്നാടന്‍ തേങ്ങയും കൊപ്രയുമാണ് വിപണിയിലെത്തുന്നതെന്നും വ്യാപാരികള്‍ തന്നെ പറയുന്നുണ്ട്. നാളികേരം, വെളിച്ചെണ്ണ വിലകള്‍ കുതിച്ചുയരുമ്പോള്‍ ഇതിന്റെ ഗുണം നാട്ടിലെ കര്‍ഷകര്‍ക്കും കര്‍ഷക കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല. കാരണം അവരെല്ലാം ഇപ്പോള്‍ അന്യ സ്ഥലങ്ങളില്‍ നിന്ന് വിശ്വാസ യോഗ്യമല്ലാതെ എത്തുന്ന നാളികേരത്തിന്റെ ഉപയോക്താക്കളാണ്.
കൊക്കോ, അടയ്ക്കാ വില ഇടിഞ്ഞു
പ്രതീക്ഷയോടെ കൊക്കോ, അടയ്ക്ക കര്‍ഷകര്‍ കൃഷി ആരംഭിച്ചെങ്കിലും വില കുത്തനെ ഇടിഞ്ഞത് നിരാശയായി. കൊക്കോയുടെ വിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. അടയ്ക്കയുടെ വിലയും ഇടിഞ്ഞു.
കമുക്, കൊക്കോ കൃഷി ചെയ്തു തുടങ്ങിയവര്‍ ഏറെയാണ്. റബറിനു വില ഇടിയുകയും കൃഷി ലാഭകരമല്ലെന്നു വരികയും ചെയ്ത സാഹചര്യത്തിലാണ് പുതിയ കൃഷികളിലേക്ക് കര്‍ഷകര്‍ കടന്നത്. ഇതിന്റെ ഭാഗമായാണ് കൊക്കോയും കമുകും കൃഷി ചെയ്തു തുടങ്ങിയത്.
കാട്ടുപന്നിയുടെ ശല്യം കാരണം കിഴങ്ങുവര്‍ഗ കൃഷിയും മറ്റും സാധ്യമല്ലാതെ വന്ന മേഖലകള്‍ കാടുകയറുന്നതു തടയാനും കൊക്കോയും കമുകും കൃഷി ചെയ്യുകയായിരുന്നു കര്‍ഷകർ. ഇവയ്ക്കു നേരേയും കാട്ടുപന്നിയുടെ ശല്യമുണ്ടയപ്പോള് സംരക്ഷണ വേലിയും മറ്റും തീര്‍ത്താണ് കൃഷി ചെയ്തത്. എന്നാല്‍ ഇന്നിപ്പോള്‍ കര്‍ഷരുടെ പ്രതീക്ഷകള്‍ താളംതെറ്റിയിരിക്കുകയാണ്.