പനി ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന്
1542153
Sunday, April 13, 2025 3:41 AM IST
കായംകുളം: സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒൻപത് വയസുകാരി മരിച്ചു. ചികിത്സാപ്പിഴവാണെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
കായംകുളം കണ്ണമ്പിള്ളി അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി(9)യാണ് മരിച്ചത്. കായംകുളം ഗവൺമെന്റ്എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിലക്ഷ്മി. നഗരമധ്യത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്തുള്ള ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ 10നാണ് കുട്ടിയെ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതോടെ ഇന്നലെ രാവിലെ ഐസിയുവിലേക്കു മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിലും പരാതി നൽകി.