ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്തയാളെ ക്രൈംബ്രാഞ്ച് സംഘം ഓടിച്ചിട്ട് പിടികൂടി
1541957
Saturday, April 12, 2025 3:33 AM IST
പത്തനംതിട്ട: ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത വിരുതനെ ക്രൈം ബ്രാഞ്ച് സംഘം ഓടിച്ചിട്ട് പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തില്‍ ഷംനാദാണ് (49) അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ്, വില്‍പ്പത്രം, മുന്‍സിഫ് കോടതി വിധി എന്നിവ തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു.
യഥാര്‍ഥ ഉടമസ്ഥന്റെ വ്യാജ വിലാസം ഹൈക്കോടതിയില്‍ നല്കി ഉടമസ്ഥന് ഹൈക്കോടതി അയച്ച നോട്ടിസ് വ്യാജ വിലാസത്തില്‍ നിന്നും സ്വയം കൈപ്പറ്റുകയും, യഥാര്‍ഥ ഉടമസ്ഥന് കോടതിയില്‍ ഹാജരാകാന്‍ ഇടയാക്കാതെ തനിക്കനുകൂലമായി എക്സ് പാര്‍ട്ടി ഉത്തരവ് സമ്പാദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
വ്യാജ മുന്‍സിഫ് കോടതി വിധിയും, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും, വില്‍പ്പത്രവുമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. 2022ല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെത്തിയത്.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരന്റെ നേതൃത്വത്തില്‍ എസ്ഐ കെ. ആര് അരുണ്‍കുമാർ, എ എസ് ഐ സി കെ മനോജ്, മലയാലപ്പുഴ സ്റ്റേഷനിലെ എസ് സിപിഒ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.