എരുമേലി വനത്തിൽ ഫെൻസിംഗ് നിർമാണം പൂർത്തിയായി
1542601
Monday, April 14, 2025 3:05 AM IST
എരുമേലി: പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ് നിർമാണ ജോലികൾ പൂർത്തിയായി. കിടങ്ങ് നിർമാണം പൂർത്തിയായിട്ടില്ല. ഒരു മാസത്തിനകം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു. 19 കിലോമീറ്റർ ദൂരമാണ് ഫെൻസിംഗ് നിർമിച്ചിരിക്കുന്നത്. പഴയ ഫെൻസിംഗ് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
പുതിയ ഫെൻസിംഗിനോട് ചേർന്നാണ് പഴയ ഫെൻസിംഗ് ഉള്ളത്. ഇത് ഭാഗികമായി പ്രവർത്തനരഹിതമാണ്. പുതിയ ഫെൻസിംഗിന് ഇടയിൽ ഒന്നര കിലോമീറ്ററാണ് കിടങ്ങ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. കരാറുകാരൻ നിർമാണം നിർത്തിപ്പോയെന്ന് തൊഴിലാളികൾ പറയുന്നു. നിർമാണം പൂർത്തിയാക്കണമെന്ന് കരാറുകാരന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കോയിക്കക്കാവ് ശബരിമല കാനന പാതയിലാണ് കിടങ്ങ് നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ പമ്പാവാലി, കാളകെട്ടി, തുമരംപാറ, പാക്കാനം വനമേഖലയിൽ ജനവാസ പ്രദേശങ്ങളിലെ വനാതിർത്തികൾ പൂർണമായും വന്യമൃഗ പ്രതിരോധ വലയത്തിൽ ആകുമെന്ന് വനംവകുപ്പ് പറയുന്നു. അതേസമയം തുടർപരിപാലനം ഇല്ലെങ്കിൽ പദ്ധതി പ്രയോജനരഹിതമാകും.
എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലായി മൊത്തം 30 കിലോമീറ്റർ ദൂരത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാൽ വനാതിർത്തി പൂർണമായും സുരക്ഷിതത്വ സംവിധാനങ്ങൾ ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നാണ് കരുതുന്നത്.