സ്വന്തം കെട്ടിടം ഉടന്‍ ഉയരില്ല, ഗവ. കോളജ് സ്കൂളില്‍ തുടരും
1542149
Sunday, April 13, 2025 3:41 AM IST
പത്തനംതിട്ട : ഇലന്തൂര്‍ ഗവണ്മെന്റ് കോളജ് കെട്ടിടം നിര്‍മാണം സമീപകാലത്തെങ്ങും തുടങ്ങാനാകില്ല. കോളജ് ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവര്‍ത്തനം ഇപ്പോഴും ഇലന്തൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ് കെട്ടിടത്തിലാണ്.
കെട്ടിടം പണിയാന്‍ സ്ഥലം ലഭ്യമായെങ്കിലും വഴിക്ക് വീതിയില്ലാത്തതിനാല്‍ നിര്‍മാണം അനന്തമായി നീളുകയാണ്. പഞ്ചായത്ത് നിയമപ്രകാരം റോഡിന് ഏഴ് മീറ്റര്‍ വീതി ആവശ്യമാണ്. നിലവില്‍ നാല് മീറ്ററോളം മാത്രമാണുള്ളത്.
റോഡിന് വീതികൂട്ടാന്‍ സമീപത്തെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 5.12 ഏക്കര്‍ സ്ഥലമാണ് കെട്ടിടം നിര്‍മിക്കാനായി ഏറ്റെടുത്തത്. 2014 ലാണ് ഇലന്തൂരില്‍ ഗവ.കോളജ് ആരംഭിക്കുന്നത്. സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഇലന്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഒരുഭാഗം കോളജിനായി ഉപയോഗിക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല.
കോളജ് ആരംഭിക്കുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നായിരുന്നു ഉറപ്പ്. 2017 ല്‍ ഖാദി ബോര്‍ഡ് ഇലന്തൂരിലുള്ള സ്ഥലം വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ പുറമ്പോക്കാണെന്നാരോപിച്ച് മൂന്ന് കുടുംബങ്ങള്‍ ഇവിടെ വന്നുതാമസിച്ചു. അതോടെ രജിസ്ട്രേഷന് ഏഴ് വര്‍ഷം നീണ്ടു . പിന്നീട് മന്ത്രി വീണാ ജോര്‍ജ് കിഫ്ബി വഴി പദ്ധതി തയാറാക്കി. സ്ഥലം ഏറ്റെടുത്തു രജിസ്ട്രേഷന് നടത്തുകയായിരുന്നു.
ഏക ഗവണ്മെന്റ് കോളജ്
നിരവധി എയ്ഡഡ്, അണ്‍എയ്ഡഡ് കോളജുകള്‍ നിലവിലുള്ള പത്തനംതിട്ട ജില്ലയിലെ ഏക സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജാണ് ഇലന്തൂരിലേത്.
മൂന്ന് കോഴ്സുകളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ബിഎസ് സി സുവോളജി, ബികോം, ബിഎ മലയാളം എന്നിവ. പിന്നീട് എംകോം കൂടി ലഭിച്ചതോടെ കോഴ്സുകളുടെ എണ്ണം നാലായി.
156 വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം ഉണ്ടായിരുന്നത്.പ്രിന്‍സിപ്പല്‍ അടക്കം 22 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 10 സ്ഥിരം പോസ്റ്റും 11 ഗസ്റ്റ് അധ്യാപകരുമാണുള്ളത്.