കലഞ്ഞൂര്‍ ജിഎച്ച്എസ്എസില്‍ വേറിട്ട അധ്യാപക സംഗമം
1542596
Monday, April 14, 2025 3:05 AM IST
കലഞ്ഞൂർ: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന അധ്യാപക സംഗമം മൂന്നു തലമുറയിലെ അധ്യാപകരുടെ കൂടിവരവിനു വേദിയായി. കലഞ്ഞൂര്‍ സ്കൂളില്‍ സേവനം ചെയ്ത ശേഷം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകരായി ഈ വര്‍ഷം വിരമിക്കുന്ന എസ്.എം ജമീല ബീവി(ഗവ.എച്ച്എസ്എസ്, കോന്നി)
ജി.കുഞ്ഞുമോൾ(ഗവ.ന്യൂ എല്‍പി എസ്, മലയാലപ്പുഴ) ആര്. എസ്. മിനി (ഗവ.എല്‍പിഎസ്, നെടുമൺ) എന്നിവരുടെ യാത്രയയപ്പ് വേദിയിലാണ് വിരമിച്ചവര്‍, സ്ഥാനക്കയറ്റം ലഭിച്ചു പോയവര്‍, നിലവിലെ അധ്യാപകര്‍ എന്നീ മൂന്നു തലമുറയിലെ അധ്യാപക സംഗമം നടന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ ഡിഡിഇ, ഡിഇഒ, എഇഒ, പ്രഥമാധ്യാപക തസ്തികകളില്‍ നിന്നും പിരിഞ്ഞവര്‍, നിലവിലെ പ്രഥമാധ്യാപകർ-അധ്യാപകർ എന്നിവര്‍ അധ്യാപന സേവനത്തിലെ കലഞ്ഞൂര്‍ ഓര്‍മച്ചെപ്പ് തുറന്നത് വേറിട്ടതായി. എല്ലാവരും ഉള്‍പ്പെട്ട ശക്തമായ വാട്ട്സാപ്പ് കൂട്ടായ്മ സൗഹൃദം അറ്റ് കലഞ്ഞൂര്‍ അഡ്മിന്മാരായ ഫിലിപ്പ് ജോര്‍ജ്,വി.ബിന്ദു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
റിട്ട. എഇഒ ആർ.സുരേന്ദ്രന് നായര്‍ അധ്യാപക സംഗമവും യാത്രയയപ്പും ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകന് എ. എസ്.മുഹമ്മദ് കണ്ണ് അധ്യക്ഷത വഹിച്ചു. എ. അംബിക, വി.വിജയമ്മ, എ. ആര്. സുധര്‍മ, ആര്. ശാന്തകുമാരി, എസ്. രവീന്ദ്രന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും അനുഭവം പങ്കുവയ്ക്കലും ഗ്രൂപ്പ് ഫോട്ടോയും വിരമിക്കുന്നവര്‍ക്ക് ആശംസകളും നേര്‍ന്ന സംഘം പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇനിയും കൂടിച്ചേരാം എന്ന ഉറപ്പുമായാണ് പിരിഞ്ഞത്.