കനേഡിയന്‍ ജലമേള കേരള കണ്വന്ഷന് നാളെ
1541963
Saturday, April 12, 2025 3:40 AM IST
പത്തനംതിട്ട: പതിനഞ്ചാമത് കനേഡിയന്‍ ജലമേളയുടെ ഭാഗമായി നാളെ ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കേരള കണ്വന്ഷന് നടക്കും. ചടങ്ങില്‍ കളിവള്ളങ്ങളെയും പള്ളിയോടങ്ങളെയും ആദരിക്കുമെന്ന് കനേഡിയന്‍ ജലമേളയുടെ പ്രസിഡന്റ് കുര്യന് പ്രക്കാനം, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് റെജി താഴമൺ, ജനറല്‍ കണ്‍വീനര്‍ വിക്ടര്‍ ടി. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി വി.എൻ. വാസവന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും. പള്ളിയോടങ്ങൾ, വള്ളംകളി സമിതികള്‍, വഞ്ചിപ്പാട്ട് ആശാന്മാർ, ആചാര്യന്മാര് എന്നിവര്‍ ആദരം ഏറ്റുവാങ്ങാനായി എത്തിച്ചേരും. 15 വര്‍ഷം മുമ്പ് കാനഡയിലെ ബ്രാംപ്റ്റന്‍ എന്ന സ്ഥലത്ത് ആരംഭിച്ച കനേഡിയന്‍ നെഹ്റു ട്രോഫി ജലമേളയില്‍ ഇന്ന് 32 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
കാനഡയിലെ ജനപ്രതിനിധികള്‍ നയിക്കുന്ന വിവിധ ടീമുകളും സിറ്റി മേയര്‍, പോലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സരത്തില്‍ പങ്കെടുക്കുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന ജലമേള രാത്രി ഏഴുവരെ നീണ്ടുനില്‍ക്കും. മനുഷ്യനിര്‍മിതമായ കായലിലാണ് മേള ഒരുക്കുന്നത്.
രണ്ടു പേര്‍ക്ക് തുഴയാവുന്ന ഡ്രാഗണ്‍ ബോട്ട് റെയ്സിനോട് സാദൃശ്യമുള്ള വള്ളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ബ്രാംപ്റ്റന്‍ മലയാളി സമാജത്തിന്റെ പ്രസിഡന്റായ കുര്യന് പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
എല്ലാ ജനവിഭാഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന മേള ഇന്ന് ലോകോത്തരമായി മാറിക്കഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടു. എല്ലാ വര്‍ഷവും ഓണ സമയമായ ഓഗസ്റ്റിലാണ് ജലമാമാങ്കം നടക്കുക. സിറ്റി മേയറും കാനഡയിലെ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു. കേരള സംസ്കാരത്തെ വിദേശ മണ്ണില്‍ അതേപടി അവതരിപ്പിക്കാന്‍ ഇതിനോടകം കഴിഞ്ഞു.
മേളയുടെ തുടക്കത്തില്‍ ചുണ്ടന്‍വള്ളങ്ങള്‍ക്ക് സമാനമായ ചെറു വഞ്ചികളാണ് മത്സരത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാറ്റ് വീശിയടിക്കുന്നതിനാല്‍ അത്തരം വള്ളങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതെ പോയി. എന്നാല്‍ ആറന്മുള പള്ളിയോടവും ജലമേളയും കനേഡിയന്‍ ജനതയ്ക്ക് പരിചിതമാക്കാന് ഫോട്ടോ, വീഡിയോ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.