കോഴഞ്ചേരി - തിരുവനന്തപുരം ബസില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം
1542160
Sunday, April 13, 2025 3:54 AM IST
കോഴഞ്ചേരി: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം - കോഴഞ്ചേരി സ്റ്റേ ബസില്‍ ടിക്കറ്റ് ചാര്‍ജുകള്‍ ഡിജിറ്റല്‍ പേമെന്റിലൂടെ ഇനി നല്‍കാനാകും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം. കടകളില്‍ ബില്ല് അടയ്ക്കുന്നതുപോലെ വിവിധ കാര്‍ഡുകളുപയോഗിച്ചും പണമടയ്ക്കാം. ഗൂഗിള്‍ പേ, മറ്റ് യുപിഐ അടക്കം എല്ലാത്തരം ഡിജിറ്റല്‍ പേമെന്റും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
യാത്രക്കാര്‍ ചില്ലറകള്‍ കരുതേണ്ടതില്ലാത്തതിനാൽ അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കഴിയും. ടിക്കറ്റ് ചാര്‍ജ് പണമായി കൈയില്‍ കരുതേണ്ടതില്ല. ബാക്കി വാങ്ങാന്‍ മറന്നുപോകുമെന്ന പ്രശ്നവും ഇല്ല. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാന്‍സ്ഫര്‍ ചെയ്തതിനുള്ള തെളിവുണ്ടാകും.
ആധുനിക കാലത്ത് ഡിജിറ്റല്‍ പേമെന്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. കെഎസ്ആര്‍ടിസി ഇതിനോടകം ചുരുക്കം ചില ദീര്‍ഘദൂര സര്‍വീസുകളില്‍ മാത്രം ഏര്‍പ്പെടുത്തിയ സംവിധാനം കോഴഞ്ചേരിക്കാരുടെ പ്രസ്റ്റീജ് സര്‍വീസെന്ന നിലയില്‍ തിരുവനന്തപുരം ബസിലും ഏര്‍പ്പെടുത്തുകയാണ്.
നിലവിലുള്ള രീതിയില്‍ പണം നല്കി നേരിട്ട് കണ്ടക്ടറുടെ കൈയില്‍നിന്നും ടിക്കറ്റെടുക്കുന്ന സംവിധാനം തുടരുകയും ചെയ്യും. ഏതു രീതിയില്‍ വേണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം.
ആദ്യ ദിവസം തന്നെ ഏഴ് യാത്രക്കാരാണ് ഡിജിറ്റല്‍ പേമെന്റ് സൗകര്യം പ്രയോജനപ്പെടുത്തിയത്. തിരുവനന്തപുരത്തു നിന്നെത്തി കോഴഞ്ചേരിയില്‍ സ്റ്റേ ചെയ്യുന്ന കൊല്ലം ഡിപ്പോയുടെ ബസ് പുലര്‍ച്ചെ 5.05നാണ് തിരുവനന്തപുരത്തിനു പുറപ്പെടുക. തിരുവനന്തപുരത്തുനിന്ന് വൈകുന്നേരം 5.05ന് കോഴഞ്ചേരിയിലേക്ക് പുറപ്പെടും.