അസംഘടിത തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു
1541969
Saturday, April 12, 2025 3:40 AM IST
പത്തനംതിട്ട: പെയിന്റര്‍മാര്‍ ഉള്‍പ്പെടെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ഓള് കേരള പെയിന്റേഴ്സ് അസോസിയേഷന് സംസ്ഥാന നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, അബ്ദു രണ്ടാത്താണി, റോബിന് ജേക്കബ്, കെ.കെ. ഷിജു, സക്കറിയ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.
പെയിന്റിംഗ് തൊഴില്‍ മേഖലയില്‍ ക്ഷേമനിധി ഉറപ്പാക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഇ.ടി. രവിയെ തെരഞ്ഞെടുത്തു.