ട്രയല്‍ റണ്ണിനിടെ വോള്‍വോ ബസില്‍ തീ പടര്‍ന്നു
1541958
Saturday, April 12, 2025 3:33 AM IST
പത്തനംതിട്ട: പത്തനംതിട്ട -മൈലപ്ര റോഡില്‍ ശബരിമല ഇടത്താവളത്തിന് സമീപം കെയുആര്‍ടിസി വോള്‍വോ ബസിന്റെ എന്‍ജിന്‍ഭാഗത്ത് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 5.45നായിരുന്നു സംഭവം.
അറ്റകുറ്റപ്പണിക്കു ശേഷം ബസില്‍ യാത്രക്കാരില്ലാതെ ട്രയല്‍ റണ്‍ നടത്തുന്നതിനിടയിലാണ് തീ പിടിച്ചത്. ബസ് ജീവനക്കാര്‍ ഉടന്‍ ബസിലുണ്ടായിരുന്ന എക്സ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു.
കൂടാതെ സമീപത്തെ കടകളില്‍ നിന്നും എക്സ്റ്റിന്‍ഗ്യുഷറുകള്‍ എത്തിച്ച് തീ അണച്ചു. വിവരം അറിഞ്ഞ് പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തുകയും വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായും കെടുത്തി അപകടനില ഒഴിവാക്കി.
ജീവനക്കാരായ രണ്ടു പേര് മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ. പുക ഉയരുന്നത് കണ്ടു ജീവനക്കാര്‍ ബസ് നിര്‍ത്തുകയായിരുന്നു.