കോഴഞ്ചേരി പാലം : അപ്രോച്ച് റോഡിലെ വൈദ്യുത തൂണ് നീക്കാന്‍ നടപടിയില്ലാതെ കെഎസ്ഇബി
1541960
Saturday, April 12, 2025 3:33 AM IST
കോഴഞ്ചേരി: ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നിര്‍മിക്കുന്ന സമാന്തര പാലം നിര്‍മാണം പുരോഗമിക്കുന്നതിനിടെ തടസങ്ങളുമായി വൈദ്യുതി വകുപ്പ്. തോട്ടപ്പുഴശേരി പഞ്ചായത്തിലെ മാരമണ്‍ കരയില്‍ പാലത്തിലേക്ക് പ്രവേശിക്കാനുളള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയര്‍ത്തി വീതി കൂട്ടാനുളള ജോലികള്‍ നിര്മാണച്ചുമതലയുളള കിഫ്ബി നടത്തിക്കൊണ്ടിരിക്കുകയാണ്.
പാലം റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിനു മുമ്പായി റോഡിന്റെ മധ്യ ഭാഗത്തായി വരുന്ന രണ്ട് വൈദ്യുത തൂണുകള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് അസി.എന്‍ജിനിയര്‍ക്ക് കിഫ്ബി ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയിട്ട് ഒന്നര മാസത്തിലേറെയായി. ഇവര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയാലേ തൂണുകള്‍ മാറ്റി സ്ഥാപിക്കാനുളള പണം കിഫ്ബിക്ക് അടയ്ക്കാന്‍ കഴിയുകയുളളൂ.
എന്നാല്‍ വൈദ്യുത ബോര്‍ഡിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് അപ്രോച്ച് റോഡില്‍ മണ്ണ് നിറച്ച് തുടങ്ങിയപ്പോള്‍ റോഡിന്റെ ഉയരം കൂടിയത് മൂലം വൈദ്യുത ലൈന്‍ ഏറെ താഴുകയും ചെയ്തു. ഇത് അപകടാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.
മണ്ണിടീല്‍ നിര്‍ത്തിവച്ചാല്‍ പണി വീണ്ടും ഇഴയുമെന്ന് മാത്രമല്ല മണ്ണ് പൂര്‍ണമായും നിറച്ച് കഴിഞ്ഞാല്‍ തൂണുകള്‍ മാറ്റി സ്ഥാപിക്കുക ഏറെ ശ്രമകരവും ഇരട്ടി ജോലിയുമാണ്. തൂണുകള്‍ മാറ്റാനുളള നടപടി അടിയന്തരമായി കൈക്കൊണ്ടില്ലങ്കില് നിര്‍മാണ ജോലികള്‍ നീണ്ടുപോകാനും സാധ്യതയുണ്ട്.