ആംബുലന്‍സില്‍ കോവിഡ് ബാധിതയ്ക്കു പീഡനം : കേരള മനഃസാക്ഷിയെ ഞെട്ടിച്ച കേസ്; ഒടുവില്‍ പ്രതിക്ക് ജീവപര്യന്തം
1541953
Saturday, April 12, 2025 3:33 AM IST
പത്തനംതിട്ട: കോവിഡ് കാലത്ത് അരങ്ങേറിയ ആംബുലന്‍സ് പീഡനക്കേസ് കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതായി. കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ കായംകുളംസ്വദേശി നൗഫലിനെ ഇന്നലെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കൈകൊണ്ട ദേഹോപദ്രവം ഏല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം, പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാവിധി.
ബലാല്‍സംഗത്തിനു 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയും ശിക്ഷിച്ചപ്പോൾ, കൈകൊണ്ട് ദേഹോപദ്രവം ഏല്പിക്കലിന് ഒരു വര്‍ഷത്തെ കഠിന തടവും 1000 രൂപയും, സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് നാലു വര്‍ഷം കഠിനതടവും 8000 രൂപ പിഴയും പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പുകള്‍ അനുസരിച്ച് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
ശിക്ഷകള്‍ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതിയാകും. 2020 സെപ്റ്റംബര്‍ അഞ്ചിന് കോവിഡ് കാലത്താണ് സംഭവം, കോവിഡ് രോഗബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ വാഹനം പന്തളത്തെ ചികിത്സാകേന്ദ്രത്തില്‍ പോകാതെ, വഴിതിരിച്ച് വിട്ട് കടത്തിക്കൊണ്ടുപോകുകയും, തുടര്‍ന്ന് ആറന്മുള വിമാനത്താവളപദ്ധതിക്കുള്ള ഭൂമിയില്‍ വിജനമായ സ്ഥലത്ത് എത്തിച്ചശേഷം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു എന്നതാണ് കേസ്.
2020 ഏപ്രില്‍ ഏഴ് മുതല്‍ കോവിഡുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് 108 ആംബുലന്‍സിന്റെ ഡ്രൈവിംഗ് ഡ്യൂട്ടിയിലായിരുന്നു ഇയാൾ. കോവിഡ് സ്ഥിരീകരിക്കപ്പെട്ട യുവതി ബന്ധുവീട്ടിലേക്ക് മാറിയതിനു പിന്നാലെ അവിടെനിന്നും അടിയന്തിര ചികിത്സയ്ക്കായി മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷനുമായി യുവതിയെയും മറ്റൊരു സ്ത്രീയെയുമായി വന്ന ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും, പ്രതി ഡ്യൂട്ടി ചോദിച്ചുവാങ്ങി സംഭവദിവസം രാത്രി 11.22 ന് അടൂര്‍ ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിന്നും ഇയാള്‍ ഓടിക്കുന്ന ആംബുലന്‍സില്‍ മാറിക്കയറ്റി കൊണ്ടുപോകുകയാണ് ഉണ്ടായത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും 108 ആംബുലന്‍സില്‍ പന്തളം അര്‍ച്ചന ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചപ്പോൾ, രോഗബാധിതയായ 42 കാരിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനാണ് ഒപ്പം കയറ്റിയത്. എന്നാല്‍ പിന്നീട്, നൗഫല്‍ ഇടപെട്ട് രോഗികളെ തന്റെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ആദ്യം യുവതിയെ പന്തളം അര്‍ച്ചന ആശുപത്രി കോവിഡ് സെന്ററിലാക്കാനും, പിന്നീട് സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇങ്ങനെ ചെയ്യാതെ യുവതിയുമായി പ്രതി ആദ്യം കോഴഞ്ചേരിക്ക് പോയി, തിരിച്ച് വരുംവഴി ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശത്ത് ഒഴിഞ്ഞ സ്ഥലത്ത് വാഹനം ഒതുക്കി രാത്രി 12 ന് ശേഷം യുവതിയെ മര്‍ദിക്കുകയും, തുടര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് കേസ്.
ആംബുലന്‍സിന്റെ പിന്നില്‍ കയറി വാതില്‍ അടച്ചശേഷം തടഞ്ഞുവച്ച് ബലമായി കയറിപ്പിടിച്ചു. യുവതിയെ വായ് പൊത്തിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി ബലാല്‍സംഗത്തിന് ഇരയാക്കി. കവിളില്‍ അടിക്കുകയും വയറ്റത്ത് ചവുട്ടുകയും ചെയ്തു. ഇതിനിടെ താഴെവീണ യുവതിയുടെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റു. അവശനിലയിലായ യുവതിയെ പന്തളം അര്‍ച്ചന ആശുപത്രിക്ക് മുന്നില്‍ ഇറക്കി, അടൂരേക്ക് കടന്നു.
വിവരം യുവതിയില്‍ നിന്നും മനസിലാക്കിയ ആശുപത്രി അധികൃര്‍ പോലീസിനെ അറിയിച്ചു. പോലീസ് ആംബുലന്‍സും പ്രതിയെയും അടൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു. അര്‍ച്ചന ആശുപത്രിയില്‍ ചികിത്സക്കായി അഡ്മിറ്റാക്കപ്പെട്ട യുവതി, പന്തളം പോലീസ് സ്റ്റേഷനില്‍ അന്ന് പ്രൊബേഷന്‍ എസ്ഐ ആയിരുന്ന അനുരൂപയുടെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് എസ്ഐ ഫോണില്‍ മൊഴി രേഖപ്പെത്തുകയും, പന്തളം എസ്ഐ ആയിരുന്ന ആര് ശ്രീകുമാര്‍ പിറ്റേന്ന് രാവിലെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ് ശ്രീകുമാര്‍ അന്വേഷണം ആരംഭിച്ചു. പിന്നീട് അന്വേഷണം അടൂര്‍ ഡിവൈഎസ്പി ആർ. ബിനു ഏറ്റെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവത്തിന് ശേഷം പ്രതി ഫോണില്‍ മാപ്പപേക്ഷിച്ചത് യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പോലീസ് ആംബുലന്‍സിന്റെ ജിപിഎസ് ട്രാക്കിംഗ് നടത്തുകയും, ജില്ലാ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും മറ്റും ശേഖരിക്കുകയും ചെയ്തു. പ്രാസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഹരികൃഷ്ണന് ഹാജരായി.
അന്നത്തെ അടൂര്‍ ഡിവൈഎസപി ആര് ബിനുവിന്റെ നേതൃത്വത്തില്‍ 11 അംഗപ്രത്യേക സംഘമാണ് ശ്രദ്ധേയമായ ഈ കേസ് അന്വേഷിച്ചത്. അന്നത്തെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാർ, എസ് ഐമാരായിരുന്ന ആര് ശ്രീകുമാർ, നജീബ്, എ എസ് ഐ വിനോദ്, അടൂര്‍ ഡിവൈഎസ്പി ഓഫീസിലെ എ എസ് ഐ അനിൽ, സി പി ഓ ഇര്‍ഷാദ്, പന്തളം പോലീസ് സ്റ്റേഷനിലെ എസ് സിപിഒമാരായ മഞ്ജു, ആനി തോമസ്, സി പി ഓമാരായ നാദിര്‍ഷ, ഗണേഷ് ഗോപാല്‍, ദിലീപ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.