വെള്ളരി കൃഷിയിൽ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര
1541667
Friday, April 11, 2025 4:06 AM IST
പന്തളം: കൃഷിസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്ത് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കർഷകർ.
ഒറ്റപ്ലാവിളയിൽ ബാലചന്ദ്രൻപിള്ളയുടെ കൃഷിയിടത്തിൽ സ്വർണവർണമാർന്ന കണിവെള്ളരി വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കീരുകുഴി വാർഡ് മെംബർ ശരത് കുമാർ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഹരിത സംഘത്തിലെ കർഷകർ മകരത്തിൽ വിത്തിട്ടു വിഷുവിനു കണിവെള്ളരി വിളവെടുത്തു വരികയാണ്. ആവശ്യക്കാർക്ക് ഇവ നേരിട്ട് എത്തിച്ചുനൽകുകയാണ് കർഷകർ ചെയ്യുന്നത്.
കൃഷി ഓഫീസർ സി. ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ്, പോൾ തുടങ്ങിയവരും കർഷക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.