വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയം: സതീഷ് കൊച്ചുപറന്പിൽ
1541663
Friday, April 11, 2025 4:06 AM IST
കോന്നി: മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കാട്ടുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
വന്യമൃഗ ആക്രമണങ്ങളിലെ സര്‍ക്കാര്‍ നിഷ്ക്രിയത്വത്തിനെതിരേ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ഡിഎഫ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയാറാകാത്തതുമൂലം ജനങ്ങള്‍ ഭീതിയുടെ നിഴലിലാണെന്നും കാര്‍ഷികവിളകള്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വനാതിര്‍ത്തികളിലെ സൗരവേലി നിർമാണത്തിലുള്‍പ്പെടെ വന്യജീവികളുടെ ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്ര ഗവണ്മെന്റ് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ലാപ്സാക്കുന്ന വനം വകുപ്പ് അതിനുവേണ്ടി ലഭിക്കുന്ന പണം വക മാറ്റി ചെലവഴിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
യുഡിഎഫ് ജില്ലാ ചെയര്മാന് വർഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു.