കാട്ടുപന്നി ഭീതിയിൽ നാട്; വഴിയിലേക്ക് ഇറങ്ങാനും ആകുന്നില്ല
1541648
Friday, April 11, 2025 3:48 AM IST
പത്തനംതിട്ട: കാട്ടുപന്നി ഭീതി കാരണം നാട്ടിലിറങ്ങാനാകുന്നില്ല. രാപകൽ ഭേദമെന്യേ നിരത്തുകളിൽ കാട്ടുപന്നി ആക്രമണങ്ങൾ തുടർക്കഥയാകുന്നു. പട്ടാപ്പകൽ പോലും ഇവയുടെ ആക്രമണം മൂലം നിരവധിയാളുകൾക്കാണ് പരിക്കേൽക്കുന്നത്. കൃഷിയിടങ്ങളിൽ തന്പടിച്ച് വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ റോഡിലേക്കിറങ്ങുന്നതാണ് യാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധിയാളുകളാണ് ഇവയുടെ ആക്രമണത്തിനു വിധേയരായത്. ഏഴംകുളം ഗ്രാമപഞ്ചായത്തംഗം എം. മേഴ്സിയെ സ്കൂട്ടർ യാത്രയ്ക്കിടെ കാട്ടുപന്നി ആക്രമിച്ചു. എട്ടാംവാർഡംഗം കൂടിയായ മേഴ്സി സ്കൂട്ടറിൽ യാത്ര ചെയ്യുന്പോൾ വടക്കടത്തുകാവ് - വയല റോഡിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. രാത്രി ഏഴോടെയാണ് സംഭവം. സ്കൂട്ടറിൽ നിന്നു താഴെ വീണ മേഴ്സിയുടെ വലതു കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റ മെംബറെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്രവിതരണത്തിനിടെ ഓമല്ലൂർ മുള്ളനിക്കാട് കൊച്ചാലുനിൽക്കുന്നതിൽ സജി വർഗീസിനെ (43) കഴിഞ്ഞദിവസം പുലർച്ചെ കാട്ടുപന്നി ആക്രമിച്ചു. പത്രക്കെട്ടുകൾ എടുക്കുന്നതിനായി ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരുന്പോൾ മുള്ളനിക്കാട് - കൊടുന്തറ റോഡിലാണ് കാട്ടുപന്നി ഇടിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിഞ്ഞു.
റോഡിൽ തലയടിച്ചു വീണ സജിക്ക് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കളെത്തിയാണ് പത്തനംതിട്ടയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് സജി വർഗീസ്.
വീട്ടുമുറ്റത്തും കാട്ടുപന്നി
ഏഴംകുളം, ഏറത്ത് ഭാഗങ്ങളിലെ വീട്ടുമുറ്റങ്ങൾ കൈയേറിയിരിക്കുകയാണ് കാട്ടുപന്നിക്കൂട്ടം. സന്ധ്യയാകുന്നതോടെ ആളുകൾക്ക് വീടിനു പുറത്തേക്ക് ഇറങ്ങനാകാത്ത സ്ഥിതിയാണ്. കൂട്ടമായെത്തുന്ന കാട്ടുപന്നിക്കൂട്ടം ആക്രമണ മനോഭാവം കാട്ടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൃഷിയിടങ്ങളിൽ നാശം വരുത്തുന്നതിനൊപ്പം വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ മറിച്ചിട്ട് നാശം വരുത്തുന്നുമുണ്ട്.
കാട്ടുപന്നിയുടെ നിർമാർജനത്തിന് പഞ്ചായത്ത് നടപടി ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. അംഗീകൃത ഷൂട്ടർമാരെ നിയോഗിച്ചതായി പറയുന്നുണ്ടെങ്കിലും പന്നിയെ വെടിവയ്ക്കാനാകുന്നില്ല. കാടിളക്കി കാട്ടുപന്നിയെ തുരത്താൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാടിറങ്ങി നാട്ടിൻപുറങ്ങളിലെത്തിയ കാട്ടുപന്നികൾ തിരികെ കാടു കയറാതെ കൃഷിയിടങ്ങളും റബർ തോട്ടങ്ങളിലെ കുറ്റിക്കാടുകളുമാണ് താവളമാക്കിയിരിക്കുന്നത്.
അരുവാപ്പുലത്ത് കൂടുതൽ ഷൂട്ടർമാർ
കാട്ടുപന്നി ശല്യം രൂക്ഷമായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ചു. ഏഴ് ഷൂട്ടർമാരാണ് നിലവിൽ പഞ്ചായത്തിലുള്ളത്. കുറ്റിക്കാടുകൾ അടക്കം പന്നികൾ താവളമാക്കിയ പ്രദേശങ്ങളിൽ കൂട്ടമായി തെരച്ചിൽ നടത്തി വെടിവയ്ക്കാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അറിയിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളിൽ ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.