ജില്ലയില്‍ ഡെങ്കി, എലിപ്പനി കൂടുന്നു
1538210
Monday, March 31, 2025 3:41 AM IST
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. ഇടവിട്ടു പെയ്യുന്ന വേനല്‍മഴ രോഗസാധ്യതകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ 28 വരെ 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതു പേരില്‍ ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്. എലിപ്പനി ഇതേവരെ എട്ടു പേര്‍ക്ക് സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് എലിപ്പനി സാധ്യതയും കണ്ടെത്തിയിട്ടുണ്ട്.
തിരുവല്ല, കോയിപ്രം, ചെറുകോല്‍, ഇലന്തൂര്‍, മെഴുവേലി, വല്ലന, ഓമല്ലൂര്‍, കോഴഞ്ചേരി, പഴവങ്ങാടി, ചെന്നീര്‍ക്കര, പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓതറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി, തോട്ടപ്പുഴശേരി, മല്ലപ്പള്ളി, കൊക്കാത്തോട്, വല്ലന, കവിയൂര്‍, മല്ലപ്പുഴശേരി തുടങ്ങിയ സ്ഥലങ്ങളില്‍ എലിപ്പനി സ്ഥിരീകരിച്ചു.
വേനല്‍മഴ കനത്തതോടെയാണ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നത്. കൊതുകു നശീകരണവും ഉറവിട മാലിന്യസംസ്കരണവും ഡ്രൈഡേയും നടപ്പാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും പദ്ധതി നിലച്ചമട്ടാണ്.
ഹെപ്പറ്റൈറ്റിസ് എയും പടരുന്നു
മഞ്ഞപ്പിത്ത രോഗികളുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്. 28 ദിവസത്തിനുള്ളില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച രോഗികളാണ് കൂടുതല്‍. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും രോഗം പകരാം.
കുടിവെള്ളം ശുദ്ധമാണെന്നുറപ്പാക്കുകയാണ് രോഗം തടയാനുള്ള പ്രധാന പ്രതിരോധം. പുറമേനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കൊതുകുനിവാരണം ലക്ഷ്യമാക്കി പ്ലാന്റേഷന് മേഖലയില്‍ റബര്‍ ടാപ്പിംഗില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൊതുകു പെരുകുന്നതു തടയുന്നതിലേക്കു ചിരട്ട കമിഴ്ത്തിവയ്ക്കാന് റബര്‍ തോട്ടങ്ങളില്‍ നിര്‍ദേശം നല്കി. ഇടവിട്ടു പെയുന്ന മഴയില്‍ ഈഡിസ് കൊതുകുകളുടെ വ്യാപനം വേഗത്തിലാകും.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടുക, വെള്ളംകെട്ടി നില്ക്കാന് അനുവദിക്കരുത്, തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്കി.
എലിപ്പനി കേസുകള്‍ കൂടുതലായി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്റ്റോസ്പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും.
ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുകയോ കൈകാലുകള്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.