മല്ലപ്പള്ളി താലൂക്ക് ആശുപത്രി നിർമാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
1537796
Sunday, March 30, 2025 3:55 AM IST
മല്ലപ്പള്ളി: നിയമക്കുരുക്കുകൾ അഴിഞ്ഞതോടെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി നിർമാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാത്യു ടി. തോമസ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,
കെഎസ്ഇബി ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയര്‍ പ്രീത ശമുവേലിന് ആശുപത്രി നിർമാണത്തിനുള്ള ധാരണപത്രം കൈമാറി.
യോഗം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനി രാജു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മോഹനന്, ഓട്ടോകാസ്റ്റ് ചെയര്മാന് അലക്സ് കണ്ണമല, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍, സിപിഎം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, സിപിഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കല്‍, രാജന് എം. ഈപ്പന്, ബെന്നി പാറേല്‍, ഡോ.സിനീഷ് പി. ജോയി, പ്രീത ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കിഫ്ബി ഫണ്ടുപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടെ ആറ് നില കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി. കെഎസ്ഇബി സിവില്‍ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
ഊരാളുങ്കലിന് കരാര്‍ നല്കുന്നതിനെതിരേ ടെൻഡറില്‍ പങ്കെടുത്ത മറ്റൊരു കരാറുകാരന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതോടെയാണ് നിർമാണ ജോലികൾ ആരംഭിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയത്.