എസ്പിജി പരിശീലന പരിപാടി ആരംഭിച്ചു
1538202
Monday, March 31, 2025 3:30 AM IST
പത്തനംതിട്ട: ജില്ലാ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരെയും എസ്പിജി ജോയിന്റ് കണ്‍വീനര്‍മാരായ പോലീസുദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് പരിശീലകര്‍ക്കായുള്ള പരിശീലന പരിപാടി നടത്തി. പത്തനംതിട്ട ഡിഎച്ച്ക്യു, സഭാ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ അഡീഷണല്‍ എസ്പിയും എസ്പിജി ജില്ലാ നോഡല്‍ ഓഫീസറുമായ ആര്. ബിനുവിന്റെ അധ്യക്ഷതയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
എസ്പിജിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍, കുട്ടികള്‍ നേരിടുന്ന ലഹരി ഡിജിറ്റല്‍ അടിമത്തം, പോക്സോ നിയമബോധവത്കരണം, ഗതാഗതവുമായി ബന്ധപ്പെട്ട ശുഭയാത്ര പദ്ധതി എന്നീ വിഷയങ്ങളില്‍ യഥാക്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി,
ഗതാഗത വകുപ്പ് മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സജീം ഷാ, കാവല്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ലിബിന് കുഞ്ഞുമോന്, ജില്ലാ നാര്‍ക്കൊട്ടിക് സെല്‍ എസ്ഐ മുജീബ് റഹ്മാന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എസ്പിജി പദ്ധതി എഡിഎന്‍ഒ എസ്ഐ സുരേഷ് കുമാര്‍ സ്വാഗതവും സീതത്തോട് കെആര്‍പിഎം എച്ച്എസ്എസ് അധ്യാപകന് മനോജ് ബി. നായര്‍ നന്ദിയും പറഞ്ഞു.