ട്രെയിലറിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പടർന്നത് പരിഭ്രാന്തി പരത്തി
1538546
Tuesday, April 1, 2025 5:22 AM IST
പത്തനംതിട്ട: ഓടിവന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടര്‍ന്നു. പെട്രോള്‍ പമ്പിന് മുന്പിൽ വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയര്‍ഫോഴ്സും മനഃസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്നിബാധ ഒഴിവാക്കി.
പത്തനംതിട്ട-മൈലപ്ര റോഡിൽ പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും തീ പിടിച്ച് ആളിക്കത്തുകയുമായിരുന്നു. തൊട്ടടുത്ത പമ്പില്‍നിന്ന് അഗ്നിശമന ഉപകരണമെത്തിച്ച് തീ അണയ്ക്കാൻ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ദേശീയപാതാ വികസനത്തിനുള്ള നിര്‍മാണ സാമഗ്രികള്‍ എടുക്കാന്‍ വന്ന വാഹനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. മെറ്റലും എംസാൻഡും കയറ്റുന്നതിനു വേണ്ടിയാണ് വാഹനം എത്തിച്ചതെന്ന് ഡ്രൈവര്‍ പ്രേമന് നായര്‍ പറഞ്ഞു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
ടയറിനുള്ളിലെ കോട്ട് ചെയ്ത കമ്പികള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഉരഞ്ഞാണ് തീ പടര്‍ന്നതെന്നും ഒരു ടയര്‍ മാത്രമാണ് കത്തിയതെന്നും ഡ്രൈവര്‍ പറഞ്ഞു. സാധാരണ ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ ഇത് ആദ്യമായി കാണുന്നതു കൊണ്ടാണ് പരിഭ്രാന്തി ഉണ്ടായതെന്നും ഡ്രൈവര്‍ പറഞ്ഞു.