മന്ദമരുതി കണ്ണങ്കര ജംഗ്ഷനു സമീപം കലുങ്ക് നിർമാണം
1538537
Tuesday, April 1, 2025 5:22 AM IST
റാന്നി: അശാസ്ത്രീയമായ നിര്‍മാണം മൂലം റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമാണം തുടങ്ങി. മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ കണ്ണങ്കര ജംഗ്ഷനു സമീപം ഇടമുറി റോഡ് ആരംഭിക്കുന്ന ഭാഗത്തും ജംഗ്ഷൻ കഴിഞ്ഞുള്ള മുണ്ടുകോട്ടയ്ക്കൽ പടിയിലുമാണ് കലുങ്ക് നിർമാണം ആരംഭിച്ചത്.
മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഒന്നാംഘട്ട നിർമാണം പൂര്‍ത്തീകരിച്ച ഭാഗമാണിവിടം. വളവും ഓടയില്ലാത്തതും മൂലം മഴ പെയ്യുമ്പോള്‍ ഈ ഭാഗത്തു കനത്ത വെള്ളക്കെട്ട് രൂപംകൊണ്ടിരുന്നു. ചെളിവെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ സമീപവാസികള്‍ റോഡില്‍ കല്ലെടുത്തുവയ്ക്കുന്നതുമൂലം അപകടസാധ്യത ഉണ്ടാകുമെന്നുകാട്ടി പൊതുമരാമത്ത് വകുപ്പിന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് രണ്ടാംഘട്ട നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ ഈ ഭാഗത്തു കലുങ്കും ഉള്‍പ്പെടുത്തുകയായിരുന്നു. ബിഎംബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ഒപ്പം അപകടസാധ്യതാ മേഖലകളില്‍ വശം കെട്ടി ബലപ്പെടുത്തുന്നുമുണ്ട്.