അടൂരിലെ ശബ്ദരേഖാ വിവാദം: കൗൺസിലർ റോണിയെ സിപിഎം തള്ളി
1538547
Tuesday, April 1, 2025 5:22 AM IST
അടൂർ: സിപിഎം അടൂർ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ ചെയർപേഴ്സണുമായ ദിവ്യ റെജി മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന കൗൺസിലർ റോണി പാണംതുണ്ടിലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി എസ്. മനോജ്. ഇന്നലെ അടൂരിലെ മാധ്യമപ്രവർത്തകരെ ക്ഷണിച്ചുവരുത്തിയാണ് സിപിഎം ഏരിയാ സെക്രട്ടറി വിശദീകരണം നൽകിയത്. ആരോപണം ഉന്നയിച്ച കൗൺസിലർ റോണി പാണംതുണ്ടിലിനൊപ്പമാണ് എസ്. മനോജ് മാധ്യമപ്രവർത്തകരെ കണ്ടത്.
കഴിഞ്ഞദിവസം ചേർന്ന സിപിഎം ഏരിയാ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു നടപടി. പാർട്ടി തീരുമാനപ്രകാരമാണ് ദിവ്യ റെജി മുഹമ്മദ് നഗരസഭാ ചെയർപേഴ്സണായതെന്നും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും നിലവിലെ നഗരസഭാ കൗൺസിലറുമായ റോണി പാണംതുണ്ടിൽ ദിവ്യയ്ക്കെതിരേ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി വിശദീകരിച്ചു.
റോണി പൊതുമധ്യത്തിൽ ഇത്തരം പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും ഇത് നഗരഭരണത്തെ പൊതുജനങ്ങളുടെ മുന്പിൽ അവമതിപ്പുളവാക്കാൻ കാരണമായെന്നും എസ്. മനോജ് പറഞ്ഞു.
ഇക്കാര്യത്തിൽ റോണി പാണംതുണ്ടിൽ പാർട്ടിക്കു നൽകിയ വിശദീകരണം തള്ളി. പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം വീണ്ടും സംഘടനാപരമായ പരിശോധനയ്ക്കു വിധേയമാക്കി തീരുമാനമെടുക്കുമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചു.
ചെയർപേഴ്സൺ ലഹരിമാഫിയയുടെ ആളാണെന്നു പറഞ്ഞിട്ടില്ലെന്ന് റോണി
അടൂർ നഗരസഭാ ചെയർപേഴ്സൺ ലഹരിമാഫിയയുടെ ആളാണെന്നു താൻ പറഞ്ഞിട്ടില്ലെന്ന് കൗൺസിലർ റോണി പാണംതുണ്ടിൽ മാധ്യമങ്ങളോടു പറഞ്ഞു.
കെഎസ്ആർടിസി-സെന്റ് മേരീസ് സ്കൂൾ റോഡ് വാഹനഗതാഗതമില്ലാത്ത പാതയാണ്. അതിനാൽ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരും ലഹരി ഉപയോഗി ക്കുന്നവരും തമ്പടിക്കാറുണ്ടെന്നാണ് താൻ പറഞ്ഞത്. അടൂർ ടൗൺ വാർഡ് കൗൺസിലറായ തനിക്ക് ഇതു സംബന്ധിച്ച് ഇല്ലത്തുകാവ് ക്ഷേത്രം ഭാരവാഹികളും സെന്റ് മേരീസ് സ്കൂൾ മാനേജ്മെന്റും കൊന്നമങ്കര റെസിഡന്റ്സ് അസോസിയേഷനും നേരിട്ടും രേഖാമൂലവും പരാതി ധരിപ്പിച്ചിരുന്നു.
ഇതു പരിഹരിക്കാൻ ഈ സ്ഥലത്ത് തെരുവുവിളക്കുകളും കാമറകളും സ്ഥാപിക്കണമെന്ന് നഗരസഭാ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുഭാവപൂർവമായ തീരുമാനം ഉണ്ടായില്ല. ഇതേത്തുടർന്നുള്ള വികാരപരമായ പ്രതികരണമാണ് താൻ നടത്തിയതെന്നും റോണി വിശദീകരിച്ചു.
എന്നാൽ, ഇത്തരത്തിൽ വികാരപരമായ പ്രതികരണം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അതുവഴി താൻ ജീവനു തുല്യം സ്നേഹിക്കുന്ന പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടായെന്നും റോണി പറഞ്ഞു. ദിവ്യ റെജി മുഹമ്മദിന് ഏതെങ്കിലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നു പറഞ്ഞിട്ടില്ലെന്നും റോണി പറഞ്ഞു.
അടൂരിലെ സിപിഎമ്മിൽ ആഭ്യന്തര കലഹമെന്ന് കോൺഗ്രസ്
അടൂർ: ആഭ്യന്തര കലഹത്തെത്തുടർന്നു സിപിഎം നേതാക്കൾ തമ്മിലുള്ള ഭിന്നതയ്ക്കിടെ രഹസ്യവിവരങ്ങൾ പുറത്തുവരുമോയെന്ന ഭയത്തിലാണ് ചെയർപേഴ്സണെതിരേയുള്ള കൗൺസിലറുടെ ആരോപണം ഒത്തുതീർപ്പിലെത്തിക്കാൻ നെട്ടോട്ടമോടുന്നതെന്ന് കോൺഗ്രസ്.
ചെയർപേഴ്സണെതിരേ ഗുരുതരമായ ആരോപണം സ്വന്തം കൗൺസിലർ ഉന്നയിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ഏരിയാ സെക്രട്ടറി പ്രതികരിച്ചത്. ഇക്കാര്യത്തിൽ ചെയർപേഴ്സൺ സ്വന്തം നിലയിൽ വക്കീൽ നോട്ടീസ് നൽകി. സ്വന്തം കൗൺസിലർക്കെതിരേ വനിതാ ചെയർപേഴ്സൺ നിയമനടപടിയിലേക്കു പോകുന്നുവെന്നു കണ്ടതോടെയാണ് പാർട്ടി ഇടപെടൽ ഉണ്ടായത്. ആരോപണം ലഘൂകരിക്കൻ പാർട്ടി നടത്തിയ ശ്രമം വിലപ്പോവില്ല. പാർട്ടി കോടതിയിൽ തീർപ്പാകേണ്ട വിഷയമല്ല കൗൺസിലർ ഉന്നയിച്ചത്.
വികാരം വരുന്പോൾ ചെയർപേഴ്സണെതിരേ ലഹരിമാഫിയബന്ധം ആരോപിക്കുന്നത് ചെറിയ വിഷയമാണോയെന്നു സിപിഎം വ്യക്തമാക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.