വിലക്കയറ്റവും സ്തംഭനാവസ്ഥയും: തദ്ദേശ സ്ഥാപനങ്ങളിലും നിർമാണങ്ങളില്ല
1538542
Tuesday, April 1, 2025 5:22 AM IST
റാന്നി: നിർമാണ മേഖലയിലാകെ സ്തംഭനാവസ്ഥ നിലനിൽക്കേ സിമന്റ് ഒഴികെയുള്ള നിർമാണ സാമഗ്രികളുടെ വില ഉയർന്നു. ബജറ്റ് നിർദേശങ്ങൾ ഇന്നുമുതൽ നടപ്പാകാനിരിക്കെയാണ് വിലക്കയറ്റം.
സാന്പത്തിക വർഷാവസാനം തുടക്കമിട്ട പല നിർമാണ ജോലികളെയും ഇതു സാരമായി ബാധിക്കും. നേരത്തേ എടുത്ത എസ്റ്റിമേറ്റിൽ പണികൾ പൂർത്തീകരിക്കാനാകാതെ വരും. തദ്ദേശ സ്ഥാപനങ്ങളിൽ നിർമാണം ഏറ്റെടുത്ത കരാറുകാരും പ്രതിസന്ധിയിലാണ്. ഫണ്ട് ലഭ്യമാകാതെ വന്നതോടെ സമയബന്ധിതമായി ജോലികൾ പൂർത്തീകരിച്ച് ബില്ല് നൽകാനായിട്ടില്ല. സാധാരണക്കാരുടെ ഗൃഹനിർമാണം അടക്കമുള്ളവയെയും നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ ബാധിച്ചിട്ടുണ്ട്.
സിമന്റ് വിലയിൽ മാത്രമാണ് നേരിയ ആശ്വാസം പ്രകടമാകുന്നത്. ഒരു ഘട്ടത്തിൽ സിമന്റിനു 50 കിലോ പായ്ക്കറ്റിന് 480 രൂപ വരെ വില ഉയർന്നിരുന്നു. 270 -290 രൂപ നിരക്കിൽ വിൽക്കാൻ കഴിയുമെങ്കിലും 340-350 രൂപ നിരക്കിലാണ് കച്ചവടക്കാർ ആവശ്യക്കാർക്ക് നൽകുന്നത്. സിമന്റ് വിലയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വലിയ കുറവിന്റെ ആനുകൂല്യം പല വ്യാപാരികളും ഉപഭോക്താക്കൾക്ക് നൽകുന്നില്ല.
സ്ക്വയർ പൈപ്പ്, കമ്പി, വിവിധയിനം മേച്ചിൽ ഷീറ്റുകൾ, വാട്ടർ ടാങ്കറുകൾ എന്നിവയുടെ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. ക്രഷർ ഉത്പന്നങ്ങൾക്കും വില ഉയരാൻ സാധ്യതയുണ്ട്. ആരുടെയും നിയന്ത്രണമില്ലാതെയാണ് ക്രഷർ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. വർഷത്തിൽ മൂന്നും നാലും തവണ ഇവയുടെ വില വർധിക്കുന്നതു നിർമാണ മേഖലയെ സാരമായി ബാധിക്കും.
പദ്ധതി പ്രവർത്തനങ്ങളും നിലച്ചു
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഇക്കുറി തടസപ്പെട്ടിരിക്കുകയാണ്. വളരെ കുറച്ചു നിർമാണ ജോലികൾ മാത്രമാണ് നടന്നത്. മുൻകാലങ്ങളിൽ സാന്പത്തിക വർഷാവസാനം റോഡുകളുടെ കോൺക്രീറ്റിംഗ്, പുതിയ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ ജോലികൾ തദ്ദേശ സ്ഥാപനങ്ങൾ കരാർ നൽകിയിരുന്നു. മെയിന്റനൻസ് ഗ്രാന്റിന്റെ അഭാവം കാരണം ത്രിതല പഞ്ചായത്തുകൾക്ക് റോഡ് നിർമാണങ്ങൾ ഏറ്റെടുക്കാനായിട്ടില്ല. ഫണ്ടിന്റെ അഭാവം തദ്ദേശസ്ഥാപന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
അനുവദിച്ച ഫണ്ട് സാന്പത്തികവർഷം അവസാനിക്കുന്പോൾ ചെലവാക്കാനായിട്ടില്ലെങ്കിൽ ഉപയോഗിക്കാതിരുന്ന അത്രയും തുക അടുത്തവർഷത്തെ ഫണ്ടിൽ കുറവാകും. ഇത് ത്രിതല പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാമത്തെ ഗഡു ലഭിച്ചത് ഫെബ്രുവരിയിലാണ്.
വിനിയോഗത്തിലും പിന്നാക്കം
ജില്ലയിൽ ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിനിയോഗത്തിൽ വളരെ പിന്നിലാണ്. പദ്ധതി വിഹിതത്തിൽ 50 ശതമാനം പോലും ചെലവഴിക്കാത്ത പഞ്ചായത്തുകൾ ജില്ലയിലുണ്ട്. ആകെ തുകയുടെ 95 ശതമാനം ചെലവഴിച്ച റാന്നി അങ്ങാടി പഞ്ചായത്താണ് മുന്നിലുള്ളത്. വെച്ചൂച്ചിറയിൽ 93 ശതമാനവും പന്തളം തെക്കേക്കരയിൽ 90 ശതമാനവും റാന്നിയിൽ 86 ശതമാനവും പദ്ധതി വിനിയോഗമുണ്ട്.
യഥാസമയം പദ്ധതികൾ പൂർത്തിയാക്കി ഫണ്ട് ചെലവഴിക്കാത്തതാണ് മിക്കയിടത്തും പ്രശ്നമായത്. ട്രഷറി നിയന്ത്രണങ്ങളും പദ്ധതിവിഹിതം അനുവദിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസവും പദ്ധതി നിർവഹണം വൈകാൻ കാരണമായി.