മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മാണത്തിന് ഒരു കോടിയുടെ ഭരണാനുമതി
1538205
Monday, March 31, 2025 3:30 AM IST
തിരുവല്ല: എംഎല്‍എ ഫണ്ട് വിനിയോഗിച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. 2023 -24 വര്‍ഷത്തെ ആസ്തി വികസനഫണ്ടും 2017 -18 വര്‍ഷം മുതലുള്ള ടെന്‍ഡര്‍ സേവിംഗ്സും വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
പല വര്‍ഷങ്ങളിലെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുന്നതിനാല്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച് എംഎല്‍എ ധന മന്ത്രിക്ക് പ്രത്യേകം അപേക്ഷ നല്‍കുകയും വകുപ്പുതലത്തില്‍ അനുകൂല തീരുമാനമെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളത്.
പുതിയ കെട്ടിടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കുള്ള ഓഫീസും ഓഫീസിലെ എല്ലാ സെക്ഷനുകളും ഉള്‍പ്പെടുന്ന വിധത്തിലാണ് രൂപകല്പന. സ്ഥലപരിമിതി കാരണം ഇപ്പോള്‍ പ്രസിഡന്റിന്റെ ഓഫീസും മറ്റ് ഓഫീസുകളും പല കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
രണ്ടു നിലകളിലായി 2862 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉടന്‍തന്നെ ടെന്‍ഡര്‍ ചെയ്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി തുടങ്ങുമെന്നും എംഎല്‍എ അറിയിച്ചു.