പത്തനംതിട്ടയിലെ സ്കൂളുകൾ ഇ-മാലിന്യ മുക്തമാകും
1538543
Tuesday, April 1, 2025 5:22 AM IST
തിരുവല്ല : സംസ്ഥാന മാലിന്യമുക്ത നവകേരള കാന്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിൽനിന്ന് ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പരിപാടിക്ക് തുടക്കമായി. ജില്ലയിലെ സ്കൂളുകളിൽനിന്ന് കൈറ്റിന്റെ ഇ-വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഡിസ്പോസൽ പോർട്ടൽ വഴിയാണ് ഇ-മാലിന്യത്തിന്റെ വിവരശേഖരണം നടത്തിയത്. 35 ടൺ ഇ-മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്.
വർഷങ്ങളായി സ്കൂളുകളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടന്ന ഇ-മാലിന്യങ്ങളാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കൈറ്റിന്റെയും ഇടപെടലിലൂടെ നീക്കം ചെയ്യുന്നത്. ജില്ലയിലെ 22 ക്ലസ്റ്റർ സ്കൂളുകളിലേക്ക് ഇ-മാലിന്യങ്ങൾ സ്കൂളുകളിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. അവിടെനിന്നാണ് തദ്ദേശവകുപ്പിന്റെ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി. ആർ. അനില വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.