സഹകരണ മേഖലയെ തകർത്തത് സിപിഎം: പഴകുളം മധു
1538539
Tuesday, April 1, 2025 5:22 AM IST
കോന്നി: സാധാരണ ജനങ്ങൾക്ക് അത്താണിയായിരുന്ന സഹകരണമേഖലയെ കേരളത്തിൽ തകർത്തത് സിപിഎം ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. കോൺഗ്രസ് സേവാദൾ കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് കോന്നി റീജണൽ സഹകരണബാങ്കെന്ന് പഴകുളം മധു ചൂണ്ടിക്കാട്ടി. സഹകരണപ്രസ്ഥാനത്തെ വിശ്വസിച്ചു പണം നിക്ഷേപിച്ചവർക്ക് ഇപ്പോൾ പലിശയും മുതലുമില്ലാത്ത അവസ്ഥയാണ്. നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപം തിരിച്ചു നൽകാത്തതിനാൽ ഒരു നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും തികഞ്ഞ ലാഘവത്തോടെയാണ് സിപിഎം ഭരണസമിതി ഇതിനെ കാണുന്നതെന്നും നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി കോൺഗ്രസ് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മധു പറഞ്ഞു.
കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം എസ്. കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി വക്താവ് അനിൽ ബോസ് മുഖ്യാഥിതിയായിരുന്നു. ജ്യോതിഷ് കുമാർ മലയാലപ്പുഴ, വിജയ് ഇന്ദുചൂഡൻ, ചിറ്റൂർ ശങ്കർ, റെജി പൂവത്തൂർ, ജില്ലാ പഞ്ചായത്തംഗം വി.ടി. അജോമോൻ, സുനിൽ എസ്. ലാൽ, ആർ. ദേവകുമാർ, ജി. വേലായുധൻകുട്ടി, ജോയി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.