‘കൗമാരവും ലഹരിയും’ സമഗ്ര പദ്ധതി രൂപീകരിക്കും: ജില്ലാ കളക്ടർ
1537794
Sunday, March 30, 2025 3:49 AM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകളും സാമൂഹിക പ്രവർത്തകരും സാമൂഹിക പ്രവർത്തകരായ വിദ്യാർഥികളും പങ്കുചേർന്നുകൊണ്ട് അടുത്ത അധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സമഗ്ര പദ്ധതിക്കു രൂപം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ.
സാമൂഹിക പ്രവർത്തന ദിനാചരണത്തോടനുബന്ധിച്ച് കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് പത്തനംതിട്ട ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ നടന്ന സെമിനാറും പാനൽ ചർച്ചയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുംവേണ്ടി ബോധവത്കരണ പരിപാടികൾ, കൗൺസലിംഗ്, റഫറൽ സഹായം തുടങ്ങിയവ സാധ്യമാക്കുന്നതിനു സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്കൂൾ മെന്ററിംഗ് ഗ്രൂപ്പ് രൂപീകരിക്കും.
കൗമാരവും ലഹരി ആസക്തിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. പാനൽ ചർച്ചയിൽ സൈക്യാട്രിസ്റ്റ് ഡോ. പി.എസ്. സേതു വിഷയം അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിതാ ദാസ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.കെ. പ്രകാശ്,
പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖൻ, സോഷ്യൽ പോലീസിംഗ് ഡിവിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ, ജില്ലാ നാർക്കോട്ടിക് സെൽ എസ്ഐ മുജീബ് റഹ്മാൻ, ക്യാപ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബി. ദിലീപ് കുമാർ, ക്യാപ്സ് സെക്രട്ടറി അജിൻ ഏബ്രഹാം, പ്രിൻസ് ഫിലിപ്പ്, ക്യാപ്സ് സ്റ്റുഡൻസ് സൗത്ത് സോൺ പ്രസിഡന്റ് അജിൽ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.