അവധിയില്ല കൂട്ടുകാരേ... അധ്യാപകര്‍ ഒപ്പമുണ്ടാകും
1538196
Monday, March 31, 2025 3:30 AM IST
പത്തനംതിട്ട: മധ്യവേനല്‍ അവധിക്കായി സ്കൂള്‍ അടച്ചെങ്കിലും ഇത്തവണ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ പിന്നാലെയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര ഗുണമേന്മ പദ്ധതിയുടെ മാസ്റ്റര്‍പ്ലാനില്‍ ഏപ്രില്‍, മേയ് മാസങ്ങളിലായി അധ്യാപകരെ വെറുതെ ഇരുത്താന്‍ തീരുമാനിച്ചിട്ടില്ല. കുട്ടികളെ നിരന്തരം പിന്തുടരുകയും അവരുടെ പഠനപ്രവര്‍ത്തനം നിരീക്ഷിക്കുകയും വേണമെന്നാണ് നിര്‍ദേശം.
സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത സമഗ്ര ഗുണമേന്മ പദ്ധതി ഏപ്രില്‍ അഞ്ചിന് ജില്ലാതലത്തിലും പിന്നാലെ ഉപജില്ല, പഞ്ചായത്ത്, സ്കൂള്‍തലങ്ങളിലും ഉദ്ഘാടനം ചെയ്യണം. ഇതിനായി സംഘാടക സമിതിയും കര്മപദ്ധതിയുമൊക്കെ രൂപീകരിക്കേണ്ട ചുമതല അധ്യാപകര്‍ക്കാണ്.
പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസിലാണ്. ഉപജില്ലാതല ഉദ്ഘാടനങ്ങള്‍ 11നു മുമ്പും പഞ്ചായത്ത്തലത്തില്‍ 16നു മുമ്പും സ്കൂള്‍ തലങ്ങളില്‍ 23നു മുമ്പും നടത്താനാണ് നിര്‍ദേശം. അവധിക്കാലമാണെന്നു പറഞ്ഞ് വീട്ടിലിരിക്കാന്‍ അധ്യാപകര്‍ക്കാകില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതിനു പിന്നാലെ അധ്യാപക പരിശീലന പരിപാടികളും ആരംഭിക്കും.
ഉത്തരക്കടലാസില്നിന്നു തുടങ്ങാം
കഴിഞ്ഞ വാര്‍ഷിക പരീക്ഷ ഉഴപ്പി എഴുതിയവര്‍ സൂക്ഷിക്കുക. ഏതു സമയവും വിളി വരും. രക്ഷാകര്‍ത്താവുമായി സ്കൂളിലെത്താനായിരിക്കും നിര്‍ദേശം. വാര്‍ഷിക പരീക്ഷയല്ലേ, ഓള് പാസാണെന്നു കരുതി ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ പരീക്ഷ എഴുതിയവരെ നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി സ്കൂളില്‍ വിളിച്ചുവരുത്തി പരീക്ഷാ പേപ്പര്‍ നല്‍കാനാണ് നിര്‍ദേശം. രക്ഷാകര്‍ത്താക്കളോടൊപ്പം കുട്ടികളെ ക്ലാസ് പിടിഎകളിലേക്കു വിളിച്ചുവരുത്തും. ഇതിനായി നിശ്ചിത തീയതിയും സര്‍ക്കാര്‍ തലത്തില്‍ നിശ്ചയിച്ചു നല്കി.
ഏപ്രില്‍ പത്തുവരെയാണ് ഈ കര്‍മ പദ്ധതി. തങ്ങളുടെ കുട്ടിയുടെ ഉത്തരക്കടലാസ് ഓരോ രക്ഷകര്‍ത്താവിന്റെയും സാന്നിധ്യത്തില്‍ അധ്യാപകര്‍ വിലയിരുത്തും. അടുത്ത ക്ലാസിലേക്കു പ്രമോഷന് ലഭിക്കുമെങ്കിലും പോരായ്മകള്‍ കുട്ടിയെയും രക്ഷാകര്‍ത്താവിനെയും ഒരേപോലെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
എട്ടാംക്ലാസു മുതല്‍ ഇതിന് അല്പം കൂടി കടുപ്പം കൂടും. എല്ലാവരെയും വിജയിപ്പിക്കുന്ന പരിപാടി ക്രമേണ നിര്ത്തലാക്കുകയാണെന്നതിനാല് എട്ട്, ഒമ്പത് ക്ലാസുകളുടെ മൂല്യനിര്‍ണയം അല്പം കടുപ്പിച്ചുതന്നെയാകണമെന്നാണ് നിര്‍ദേശം.
പുസ്തകം റെഡി
പുതിയ ക്ലാസിലേക്കുള്ള പാഠപുസ്തകം അവധിക്കാലത്തു തന്നെ ലഭിക്കും. കുട്ടികള്‍ക്ക് പുസ്തകം നേരത്തേ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ചെറിയ ക്ലാസിലെ കുട്ടികള്‍ക്കടക്കം പുസ്തകം വിതരണം ചെയ്യും. കുട്ടികള്‍ പുസ്തകങ്ങളുമായി പരിചയപ്പെടാന്‍ വേണ്ടിയാണിതെന്ന് വിശദീകരണം. സ്കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികള്‍ സ്വന്തം നിലയില്‍ പാഠഭാഗങ്ങളോടു പരിചിതകരാകണമെന്നാണ് ലക്ഷ്യം.
ക്ഷേമം അന്വേഷിച്ച് അധ്യാപകര്‍
കുട്ടികളെ വീടുകളിലേക്ക് അയച്ചാലും അധ്യാപകര്‍ പിന്നാലെയുണ്ട്. മധ്യവേനല്‍ അവധിയില്‍ ഓരോ കുട്ടിയുടെയും വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് അധ്യാപകര്‍ക്ക് നിര്‍ദേശമുണ്ട്. കുട്ടികളുടെ വീടുകളുമായി ഒരു ബന്ധം സ്ഥാപിക്കാനും നിര്‍ദേശിച്ചു.
അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാനും ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കാനും പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കൂട്ടിവരുത്തി പ്രത്യേക ക്ലാസ് എടുക്കാനുമൊക്കെയാണ് അധ്യാപകര്‍ക്കുള്ള നിര്‍ദേശം.
അധ്യാപകരുടെ ഭവനസന്ദര്‍ശന പരിപാടി കൃത്യമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ ഓഫീര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.