സഹകരണബാങ്കുകളുടെ തകർച്ച; പത്തനംതിട്ടയുടെ സാന്പത്തികാടിത്തറയിൽ വിള്ളൽ
1538549
Tuesday, April 1, 2025 5:22 AM IST
പത്തനംതിട്ട: ജില്ലയിലെ സാന്പത്തിക വളർച്ചയുടെ അത്താണിയായി നിലകൊണ്ട സഹകരണബാങ്കുകളുടെ തകർച്ച മൂലം 20,000 കോടിയിലധികം രൂപയുടെ നഷ്ടം. വായ്പാ-നിക്ഷേപ അനുപാതത്തിൽ ഏറെ മുൻപന്തിയിലായിരുന്ന ജില്ലയിലെ സഹകരണബാങ്കുകളിലെ നിക്ഷേപം ഇല്ലാതായതോടെ വ്യാപാര, വ്യവസായ മേഖലയും പ്രതിസന്ധിയിലായി.
സഹകരണ മേഖലയിൽ 670 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 200 എണ്ണം ബാങ്ക് എന്ന നിലയിലാണ് പ്രവർത്തിച്ചുവന്നത്. നിലവിൽ ഇവയിൽ 50 എണ്ണം മാത്രമേ ലാഭത്തിൽ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് സഹകരണവകുപ്പ് ഓഡിറ്റിംഗിൽ കണ്ടെത്തിയിരിക്കുന്നത്. ഇരുപതോളം ബാങ്കുകൾ പൂർണമായും നഷ്ടത്തിലായി. ഇതിൽ തന്നെ പകുതിയോളം ബാങ്കുകൾ സാന്പത്തിക ദുർവ്യയവും കെടുകാര്യസ്ഥതയും മൂലം നഷ്ടം സ്വയം വരുത്തിവച്ചതാണ്. ഓമല്ലൂർ, മൈലപ്ര, പഴകുളം കിഴക്ക്, കോന്നി ആർസിബി, കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, ചെങ്ങരൂർ, കൊറ്റനാട് തുടങ്ങി പ്രവർത്തനം തന്നെ പ്രതിസന്ധിയിലായ ബാങ്കുകളുടെ എണ്ണം ഒരു ഡസനോളമുണ്ട്.
ബാങ്കുകളുടെ ഭരണസമിതി നിയന്ത്രിച്ചുവന്നവരും ജീവനക്കാരുമാണ് ഇവയുടെ തകർച്ചയിലെ മുഖ്യപങ്കാളികളെന്ന് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയും ചിലയിടങ്ങളിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. നിക്ഷേപം നടത്തിയ സാധാരണക്കാരും കർഷകരും വീട്ടമ്മമാരുമൊക്കെ ഇപ്പോഴും ബാങ്കുകളുടെ പടികൾ കയറിയിറങ്ങുന്നു. സർക്കാർ പ്രവർത്തനഫണ്ട് നൽകുമെന്ന വാഗ്ദാനം ഇടയ്ക്കുണ്ടായെങ്കിലും സാന്പത്തിക പ്രതിസന്ധി കാരണം അതും പ്രഖ്യാപനം മാത്രമായി. നിലവിൽ ലാഭത്തിലുള്ള ബാങ്കുകൾ നഷ്ടത്തിലുള്ളവയെ സഹായിക്കാൻ നിർദേശമുണ്ടായെങ്കിലും ഇതംഗീകരിക്കാൻ ബന്ധപ്പെട്ട ഭരണസമിതികൾ തയാറായിരുന്നില്ല.
വാണിജ്യ ബാങ്കുകൾ ഇപ്പോഴും പത്തനംതിട്ട ജില്ലയെ വിളനിലമായി കണ്ടുവരുന്നുണ്ട്. പക്ഷേ അവയുടെ വായ്പാ, നിക്ഷേപ അനുപാതം വളരെക്കുറവാണ്. വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ വായ്പകൾ നന്നേ കുറവാണ്. നിക്ഷേപം കെട്ടിക്കിടക്കുന്നതും അവകാശികളില്ലാതെ ബാങ്കുകളിലേക്ക് വന്നുചേരുന്നതുമെല്ലാം വാണിജ്യ ബാങ്കുകളെ സംബന്ധിച്ച് പ്രവർത്തന നേട്ടമായി വിലയിരുത്തപ്പെടുന്നു.
സ്വകാര്യ ബാങ്കുകളുടെ തകർച്ച
സ്വകാര്യ ബാങ്കുകൾക്ക് വളക്കൂറുണ്ടായിരുന്ന പത്തനംതിട്ടയുടെ മണ്ണിൽ പ്രമുഖമായ പല സ്ഥാപനങ്ങളും ഒന്നിനു പിറകേ ഒന്നായി പൊളിയുന്നതും നിക്ഷേപകർ വഞ്ചിതരാകുന്നതുമായ കാഴ്ചയാണ് കഴിഞ്ഞ രണ്ട് സാന്പത്തിക വർഷങ്ങളിലും ജില്ല കണ്ടത്.
തറയിൽ ഫിനാൻസ് ഓമല്ലൂർ, പോപ്പുലർ ഫിനാൻസ് കോന്നി, ജി ആൻഡ് ജി പുല്ലാട്, പിആർഡി തെള്ളിയൂർ, നെടുംപറന്പിൽ തിരുവല്ല എന്നിവ ഇക്കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ച സ്ഥാപനങ്ങളാണ്. ഉടമകൾ നിയമനടപടികൾ നേരിട്ടുവെങ്കിലും നിക്ഷേപകർക്ക് ഫലമുണ്ടായില്ല.
പെൻഷൻ പണവും വിദേശത്തു പണിയെടുത്തു മടങ്ങിവന്നപ്പോഴത്തെ നിക്ഷേപവും ഒക്കെ നടത്തിയവരാണ് ഏറെയും. കൃത്യമായി പലിശ നൽകിവന്ന സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോകുന്പോൾ പിടിച്ചു നിൽക്കാൻതന്നെ നിക്ഷേപകർക്കു കഴിഞ്ഞില്ല. മരുന്നിനും ഭക്ഷണത്തിനുംപോലും വകയില്ലാതെ കണ്ണീരുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്ന നിക്ഷേപകരെ ഇപ്പോഴും കാണാം.
റബർ മേഖലയിലും അസ്ഥിരത
പത്തനംതിട്ട ജില്ലയുടെ നട്ടെല്ലായിരുന്ന റബർ കൃഷിക്കുണ്ടായ തളർച്ച ഈ മേഖലയിലെ കർഷകരെയും ബാധിച്ചു. കർഷകരുടെ സാന്പത്തികാടിത്തറയാണ് റബറിന്റെ വിലയിടിവും അസ്ഥിരതയും തകർത്തത്.
ജില്ലയിലെ റബർ മേഖലകളാണ് റാന്നിയും കോന്നിയും. എന്നാൽ തോട്ടങ്ങൾ നല്ലൊരു പങ്കും കാടു കയറിക്കിടക്കുകയാണ്. ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. ന്യായവില ലഭിക്കുന്നില്ലെന്നു മാത്രമല്ല ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമവും പ്രശ്നമാണ്. പ്രതീക്ഷകൾ നഷ്ടമായപ്പോൾ റബർകൃഷി ഏറെപ്പേരും ഉപേക്ഷിച്ചു. റബർ വെട്ടിമാറ്റി മറ്റു കൃഷികൾ പലയിടത്തും ആരംഭിച്ചു. എന്നാൽ റബർ നൽകിയതുപോലെയുള്ള സാന്പത്തിക മെച്ചം കർഷകർക്കു ലഭിക്കുന്നില്ല.
കേരളം വ്യവസായപട്ടികയിൽ ഉൾപ്പെടുത്തിയ കാർഷിക മേഖലയാണ് റബർ. റബർകൃഷി തഴയ്ക്കാൻ ഇടയാക്കുന്ന വമ്പൻ പദ്ധതികൾ വിളമ്പിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജില്ലയിൽ ഇടംപിടിച്ചത്. റബറധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പേരിനുപോലും ഒരു വ്യവസായം ആരംഭിക്കാൻ കഴിഞ്ഞില്ല. പെരുമ്പാവൂരിലക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റബർമരങ്ങൾ ലോറിയിൽ കടത്തുന്ന ജില്ലയാണ് പത്തനംതിട്ട.
ഗൾഫ് വിട്ടുവന്നവർക്ക് നിരാശ
ഗൾഫ് മേഖലയിൽ തൊഴിൽ നിയന്ത്രണം കർശനമായപ്പോൾ തൊഴിൽ നഷ്ടമായി പൊടുന്നനേ നാട്ടിലെത്തിയവർക്ക് ജില്ലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനായിട്ടില്ല. സർക്കാർ നൽകിയ വാഗ്ദാനം ജലരേഖയായി. പത്തനംതിട്ടയിൽ നിലവിലുണ്ടായിരുന്ന ചെറുകിട സംരംഭങ്ങൾ പലതിനും പൂട്ടുവീണു.
സാധാരണക്കാർക്ക് തൊഴിൽസാധ്യതയുള്ള മേഖല ചുരുക്കമായി. ഐടി മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടപ്പായില്ല. വ്യാപാര മേഖലയിലടക്കം പ്രതിസന്ധി രൂക്ഷമാണ്. ഓൺലൈൻ വ്യാപാരത്തിനു പ്രചാരമേറിയതോടെ വ്യാപാരികൾ ഏറെ ബുദ്ധിമുട്ടിലായി. പൂട്ടിപ്പോകുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടുകയാണ്. പലയിടത്തും ജീവനക്കാരെ വെട്ടിക്കുറച്ചു തുടങ്ങി.