നെല്ല് സംഭരണത്തിലെ കൊള്ള അവസാനിപ്പിക്കണം: കര്‍ഷക യൂണിയന്
1538201
Monday, March 31, 2025 3:30 AM IST
പത്തനംതിട്ട: പ്രകൃതിയോട് മല്ലടിച്ചും സാമ്പത്തിക ബാധ്യത ഏറ്റെടുത്തും കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും കൃഷി നടത്തിയ കര്ഷകന് ഉത്പാദിപ്പിച്ച നെല്ല് ഗവണ്മെന്റ് സംഭരിക്കുമ്പോള്‍ മില്ലുകളും ഇടനിലക്കാരും നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് കര്‍ഷക യൂണിയന് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
ഒരു ക്വിന്റല്‍ നെല്ലിന് എട്ടു മുതല്‍ 15 കിലോ വരെ കിഴിവ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതു നെല്‍കൃഷി മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് യൂണിയന് ചൂണ്ടിക്കാട്ടി. വിത്തിനും വളത്തിനും കീടനാശിനിക്കും അമിതമായ വില നല്കിയതു കൂടാതെ തൊഴിലാളികളുടെ അമിതമായ കൂലിയും പ്രകൃതിക്ഷോഭം മൂലം ഉണ്ടായ നഷ്ടവും അതിജീവിച്ചാണ് വിളവെടുപ്പ് നടക്കുന്നത്.
ഉത്പദനച്ചെലവ് വര്‍ധിക്കുന്നതിന് ആനുപാതികമായി നെല്ലിന്റെ വില വര്‍ധിപ്പിക്കാത്തതു മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
നേതൃസംഗമം കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് വൈ. രാജന് അധ്യക്ഷത വഹിച്ചു കേരള കോണ്‍ഗ്രസ് വൈസ്. ചെയര്മാന്മാരായ ജോസഫ് എം. പുതുശേരി, പ്രഫ.ഡി. കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍,
സീനിയര്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍, ജോര്‍ജ് കുന്നപ്പുഴ, സാം ഈപ്പന്, ബാബു വര്‍ഗീസ്, ദീപു ഉമ്മന്‍, ആന്റച്ചന്‍ റാന്നി, സാജന് മാത്യു, ജോണ്‍ വട്ടപ്പാറ, മടന്തമാണ് തോമസ്, ജോര്‍ജ് മാത്യു, തോമസ്കുട്ടി കോന്നി എന്നിവര്‍ പ്രസംഗിച്ചു.