കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ഡോ. ലീലാവതിക്കു സമ്മാനിച്ചു
1538544
Tuesday, April 1, 2025 5:22 AM IST
കടമ്മനിട്ട: ഒൻപതാമത് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ഡോ. എം. ലീലാവതിക്ക് ഫൗണ്ടേഷൻ അധ്യക്ഷൻ എം.എ. ബേബി സമ്മാനിച്ചു. 55,555 രൂപയും പ്രശസ്തിപത്രവും ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം കടമ്മനിട്ടയുടെ 17-ാമത് സ്മൃതിദിനത്തിൽ ഡോ. ലീലാവതിയുടെ എറണാകുളത്തെ താമസസ്ഥലത്തെത്തിയാണ് സമ്മാനിച്ചത്. പുരസ്കാരത്തുക ഡോ. ലീലാവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. മന്ത്രി പി. രാജീവ് ചെക്ക് ഏറ്റുവാങ്ങി.
കുഞ്ചൻ നമ്പ്യാർക്കും ചങ്ങമ്പുഴയ്ക്കും ശേഷം അവർക്കുള്ള പരിമിതികളെയും മറികടന്ന് മലയാളകവിതയെ ജനകീയവത്കരിച്ച കവിയാണ് കടമ്മനിട്ട എന്നും താൻ ഇത്രയും കാലം ജീവിച്ചിരുന്നത് കടമ്മനിട്ടയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിനാണെന്നും ലീലാവതി പറഞ്ഞു.
ഫൗണ്ടേഷൻ അംഗം എം.ആർ. ഗീതാകൃഷ്ണൻ പ്രശസ്തിപത്രം വായിച്ചു. സിഐ സി.സി. ജയചന്ദ്രൻ, ജോഷ്വാ ഡോൺബോസ്കോ, എൻ.കെ. വാസുദേവൻ, ഡോ. സന്തോഷ് തോമസ്, കടമ്മനിട്ട ഫൗണ്ടേഷൻ അംഗങ്ങളായ ബാബു ജോൺ, കലാധരൻ, അനി കെ. കൃഷ്ണ എന്നിവർ പങ്കെടുത്തു.