കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീർഥാടക പ്രവാഹം
1537791
Sunday, March 30, 2025 3:49 AM IST
ചുങ്കപ്പാറ: വലിയ നോന്പിൽ കുരിശും വഹിച്ച് തീർഥാടകർ കരുവള്ളിക്കാട് കുരിശുമല കയറുന്നു. തീർഥാടനത്തിനു തുടക്കം കുറിച്ചതോടെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിത്തുടങ്ങി. സംഘമായും ഒറ്റയ്ക്കും നിരവധിയാളുകൾ പ്രതിദിനം മലകയറി പ്രാർഥിക്കുന്നുണ്ട്.
ചങ്ങനാശേരി അതിരൂപതയിലെ ചുങ്കപ്പാറ - നിർമലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിലേക്ക് കുരിശിന്റെ വഴിയിൽ ധ്യാനിച്ച് മല കയറാൻ സൗകര്യമുണ്ട്. തടിക്കുരിശുകളും കൈയിലേന്തി കടന്നുവരുന്നവരുടെ എണ്ണവും വർധിച്ചു.
മലമുകളിൽ 12-ാം സ്ഥലത്ത് ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയത്തിന്റെ നേതൃത്വത്തിൽ
വിശുദ്ധ കുരിശ് സ്ഥാപിച്ച് ആശീർവദിച്ചു. അടിവാരത്തുനിന്ന് നുറുകണക്കിനു വിശ്വാസികൾ വിശുദ്ധ കുരിശും വഹിച്ച് സ്ലീവാപാത ചൊല്ലി ഭക്തിപൂർവമാണ് മലമുകളിൽ വിശുദ്ധ കുരിശ് എത്തിച്ചതും സ്ഥാപിച്ചതും.
തീർഥാടന കേന്ദ്രം വികാരി ഫാ. മോബൻ ചുരവടി, ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ദേവാലയ വികാരി ഫാ. റ്റോണി മണിയഞ്ചിറ, ഫാ. ജോബി പരുവപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. പുതുഞായർവരെ കുരിശുമലയിലേക്ക് തീർഥാടന സൗകര്യമുണ്ട്. നാല്പതാം വെള്ളിയാഴ്ചയാണ് പ്രധാന തീർഥാടനം. വിശുദ്ധവാര ദിനങ്ങളിലും വിശ്വാസികൾ പ്രാർഥനാപൂർവം കുരിശുമല കയറാനെത്തുന്നുണ്ട്.