വെറ്റിലയ്ക്ക് വില ഇടിഞ്ഞു, കർഷകർ പ്രതിസന്ധിയിൽ
1537790
Sunday, March 30, 2025 3:49 AM IST
പത്തനംതിട്ട: വിലയിടിവും ഉയർന്ന പരിപാലന ച്ചെലവും വെറ്റിലക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അന്യംനിന്നുപോയ വെറ്റില കൃഷി സജീവമാകുന്നതിനു പിന്നാലെയാണ് വിലയിടിവും ഉയർന്ന പരിപാലനച്ചെലവും ഈറ്റ ക്ഷാമവും കർഷകരെ വലയ്ക്കുന്നത്.
മാസങ്ങൾക്ക് മുന്പു വരെ നൂറു രൂപയ്ക്ക് അടുത്തുകിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു വീണ്ടും കുറയാനും സാധ്യതയുണ്ട്.
താംബൂലത്തിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മറ്റുകർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ വില സ്ഥിരതയോ ഇവർക്കു ലഭ്യമല്ല.
പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു. വേനൽക്കാലത്ത് നല്ലതുപോലെ നനയ്ക്കണം. ഇതിനായി ജലസ്രോതസുകൾ കണ്ടെത്തണം.
ഒരു കെട്ടിന് 30 രൂപ മാത്രം
ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. നാല് അടുക്കുകളിലായി 20 എണ്ണം വീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. മാസങ്ങൾക്ക് മുമ്പുവരെ നൂറ് രൂപയോടടുപ്പിച്ച് വില ലഭിക്കുമായിരുന്നു.
കൊറോണ സമയത്ത് 240 - 300 രൂപ വരെ ലഭിച്ചിരുന്നു. ശബരിമല തീർഥാടനകാലത്തും വില ഉയരാറുണ്ട്. ഉത്പാദനം കൂടിയതാണ് വില കുറയാൻ കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് മറ്റ് കൃഷികൾ ഉപേക്ഷിച്ച് പലരും വെറ്റിലക്കൊടി കൃഷി ചെയ്യാൻ തുടങ്ങി. ഇതോടെ ഉത്പാദനം വർധിക്കുകയും വില കുറയുകയും ചെയ്തു.
നൂറു കെട്ട് വെറ്റില വിറ്റാൽ മൂവായിരത്തോളം രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. തൊഴിലാളികുടെ കൂലിയും പരിപാലനച്ചെലവും നോക്കിയാൽ തങ്ങൾക്ക് ഒന്നും കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
വിപണിയിൽ വെറ്റിലയ്ക്ക് വില സ്ഥിരത വേണമെന്നാണ് കർഷകരുടെ ആവശ്യം. ചന്തയിൽ പുലർച്ചയാണ് വെറ്റില വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിൽനിന്നും വടക്കൻ ജില്ലകളിൽനിന്നുമാണ് പ്രധാനമായും വ്യാപാരികൾ എത്തുന്നത്. ചുരുക്കം ചില കർഷകരിൽനിന്ന് ഉയർന്ന വില നൽകി വാങ്ങിയ ശേഷം വിലയിടിക്കും.
പിന്നീടെത്തുന്ന കർഷകർ ഇവർ പറയുന്ന വിലയ്ക്ക് വെറ്റില നൽകേണ്ടതായി വരും. മറ്റ് വിപണികളെപ്പോലെ വെറ്റില വിപണിയിലും സർക്കാർ നിയന്ത്രണമുണ്ടാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
പത്തനംതിട്ട ജില്ലയിൽ വെറ്റിലയ്ക്കു വിപണിയും നന്നേ കുറവാണ്. പറക്കോട് മാത്രമാണ് ഇപ്പോൾ സജീവമായി നിലനിൽക്കുന്ന വിപണി. മുന്പ് റാന്നി, മല്ലപ്പള്ളി മാർക്കറ്റുകളിൽ വെറ്റില വ്യാപാരം സജീവമായി നടന്നിരുന്നു. കർഷകരിൽ നല്ലൊരു പങ്കും പിൻമാറിയതോടെ വെറ്റിലത്തോട്ടങ്ങളും കുറഞ്ഞു.