വനിതകള്‍ക്ക് യോഗ പരിശീലനവുമായി കോന്നി ഗ്രാമപഞ്ചായത്ത്
1537788
Sunday, March 30, 2025 3:49 AM IST
കോന്നി: വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനമൊരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗ പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെ പഞ്ചായത്ത് ഹാളില്‍ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും.
ആറുമാസം ദൈര്‍ഘ്യം. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.പി. അര്‍ച്ചനയ്ക്കാണ് മേല്‍നോട്ടം. പി. എസ്. ദിലീപാണ് പരിശീലകന്. 19 വര്‍ഷമായി യോഗ പരിശീലകനാണ്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20 - 60 വയസുള്ള 35 അംഗങ്ങളാണുള്ളത്. യൂണിഫോമും ഇവര്‍ക്കുണ്ട്. അംഗങ്ങള്‍ക്ക് ഡോക്ടറടെ പരിശോധന നിര്‍ബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദര്‍ശിപ്പിച്ചു.
ജിഎല്‍പിഎസ് കോന്നി, കൈതക്കുന്ന്, പേരൂര്‍കുളം, പയ്യനാമണ്‍ യുപി സ്കൂള്‍ കുട്ടികള്‍ക്കും ദിലീപിന്റെ കീഴില്‍ യോഗ പരിശീലനം നല്കുന്നു. 80 കുട്ടികളുണ്ട്. സ്കൂള്‍ ദിനങ്ങളില്‍ രാവിലെയാണ് പരിശീലനം.
വനിതകളുടെ മുന്നേറ്റത്തിനായി ജന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായാണ് യോഗ പരിശീലനം. വനിതകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് പറഞ്ഞു.