മൂഴിയാർ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ചു
1537785
Sunday, March 30, 2025 3:37 AM IST
പത്തനംതിട്ട: മൂഴിയാർ ഗവ. ട്രൈബൽ യുപി സ്കൂളിലെ സുന്ദര ബാല്യം സുരക്ഷിത ബാല്യം, വിദ്യാ വാഹിനി പദ്ധതികളുടെ പ്രവർത്തനം മുടങ്ങിയതുകാരണം 14 കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായെന്ന പരാതി പരിഹരിച്ചതായി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനേത്തുടർന്നാണ് നടപടി. പദ്ധതി മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ് പത്തനംതിട്ട ട്രൈബൽ ഡവലപ്മെന്റ് ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.
സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ, സായിപ്പൻകുഴി മേഖലകളിൽനിന്നുള്ള 15 കുട്ടികളെ 1950 രൂപ നിരക്കിൽ മൂഴിയാർ ഗവ. യുപിസ്കൂളിൽ എത്തിക്കാൻ വാഹന സൗകര്യം നൽകിയിരുന്നതായി ജില്ലാ ട്രൈബൽ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു.
സ്കൂൾ അധികൃതരും പട്ടികവർഗ വകുപ്പും നടത്തിയ ശ്രമങ്ങളുടെ ഫലമായി ജനുവരി 15 മുതൽ മറ്റൊരു വാഹനത്തിൽ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നുണ്ട്. "സുഭക്ഷിത ബാല്യം സുന്ദര ബാല്യം' പദ്ധതിയിൽ മലമ്പണ്ടാര വിഭാഗത്തിലെ 40 വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പദ്ധതി മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . മുഴിയാർ ഗവ. യുപിഎസിൽ ഉച്ചഭക്ഷണം മുടങ്ങാതെ നൽകുന്നുണ്ട്. 1500 രൂപ വിലയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എല്ലാ മാസവും മൂഴിയാർ പ്രദേശത്തെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂഴിയാർ ട്രൈബൽ സ്കൂളിലെ സുന്ദര ബാല്യം, വിദ്യാവാഹിനി പദ്ധതികൾ മുടങ്ങിയതിനെതിരേ മനുഷ്യാവകാശ പ്രവർത്തകനായ എ. അലി അക്ബർ സമർപ്പിച്ച പരാതിയിലാണ് നടപടി.