വചനാധിഷ്ഠിതമായി തലമുറ രൂപപ്പെടണം: മാർ ഐറേനിയോസ്
1537784
Sunday, March 30, 2025 3:37 AM IST
വകയാർ: വചനത്തിൽ തത്പരരായ വിദ്യാർഥി സമൂഹം വരും തലമുറയുടെ പ്രതീക്ഷയെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ്. കോന്നി ബൈബിൾ കൺവൻഷന്റെ രണ്ടാം ദിനത്തിലെ വചനവർഷ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ അശരണരെ പരിഗണിക്കുന്നതിലും ഇവർ മുൻപന്തിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദികജില്ല വികാരി ഫാ. വർഗീസ് കൈതോൺ അധ്യക്ഷത വഹിച്ചു. ഫാ. ലിജിൻ കടുവിങ്കൽ ക്ലാസ് നയിച്ചു.
സൺഡേസ്കൂൾ ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, സെക്രട്ടറി കെ.കെ. വർഗീസ്, സിസ്റ്റർ എൽസീന, രൂപത സമിതിയംഗം ഫിലിപ്പ് ജോർജ്, ഫാ. ചാക്കോ കരിപ്പോൺ, ഫാ. ലിജു തയ്യിൽ എന്നിവർ പ്രസംഗിച്ചു.
കൺവൻഷൻ സമാപന ദിനമായ ഇന്ന് 2.30ന് വൈദിക ജില്ലയിലെ യുവജന സംഗമത്തിൽ ഫാ. ബോവസ് മാത്യു മേലൂട്ട് ക്ലാസ് നയിക്കും. വൈകുന്നേരം 5.30ന് ജപമാല പ്രാർഥനയേത്തുടർന്ന് ഫാ. ബേണി വർഗീസ് കപ്പൂച്ചിൻ വചനപ്രഘോഷണം നടത്തും.