കുരിശിലെ സ്നേഹത്തിൽ ഐക്യം ശക്തമാകണം: കർദിനാൾ
1537780
Sunday, March 30, 2025 3:37 AM IST
പെരുനാട്: മലങ്കര കത്തോലിക്കാ സഭയുടെ തീർഥാടന കേന്ദ്രമായ പെരുനാട് മാന്‍പാറ കുരിശുമല ദേവാലയത്തോടനുബന്ധിച്ച് നവീകരിച്ച കപ്പേളയുടെയും കുരിശിന്റെ വഴിയുടെയും കൂദാശ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ നടന്നു.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേ നിയോസും പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റവും സഹകാർമികരായിരുന്നു. റന്പാൻമാർ, കോർ എപ്പിസ്കോപ്പമാർ, വൈദികർ, സന്യസ്തർ, വിശ്വാസി സമൂഹം തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ കപ്പേളയിലെത്തിയ കർദിനാളിനെയും ബിഷപ്പുമാരെയും വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ വടക്കേതിൽ, വികിരാ ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാർഥനയ്ക്കുശേഷം കപ്പേളയുടെ കൂദാശ നിർവഹിച്ചു. പിന്നീട് കുരിശിന്റെ വഴിയുടെ കൂദാശ ആരംഭിച്ചു.
ആദ്യ പ്രാർഥന ഇടമായ ഗത്സമന കൂദാശ ചെയ്തശേഷം കുരിശിന്റെ വഴിക്കും തുടക്കമായി. 14 ഇടങ്ങളിലും പ്രത്യേക പ്രാർഥന നടത്തി കൂദാശ നിർവഹിച്ച് കുരിശുമല നെറുകയിൽ സ്ഥാപിച്ച ഉത്ഥാന ഇടവും കൂദാശ ചെയ്തു.
തുടർന്ന് ദേവാലയത്തിനുള്ളിൽ സമാപന പ്രാർഥന നടത്തി. കുരിശ് ലോകത്തിനു നൽകുന്ന സന്ദേശം സ്നേഹത്തിന്റെയും ഐക്യത്തിന്റേതുമാണെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. കുരിശിനെ നോക്കി യാത്ര ചെയ്യുന്നവർ അതിന്റെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസും സന്ദേശം നൽകി.