ആദി പന്പയിൽ മണൽവാരൽ തകൃതിയിൽ
1537776
Sunday, March 30, 2025 3:37 AM IST
ആറന്മുള: മണൽ വാരൽ നടപടിക്രമങ്ങൾ പൂർത്തിയാകും മുന്പേ ആദിപന്പയിൽ ഖനനം തകൃതിയിൽ. ആദിപന്പയെയും വരട്ടാറിനെയും വീണ്ടെടുക്കാനായി രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായാണ് ചെങ്ങന്നൂർ താലൂക്ക് പരിധിയിൽ മണൽവാരൽ ആരംഭിച്ചത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വേർതിരിച്ചുകൊണ്ട് ആറാട്ടുപുഴയ്ക്ക് താഴെ കോയിപ്രത്തേയും ഇടനാടിനെയും വകഞ്ഞു മാറ്റി ഒഴുകുന്ന ആദി പമ്പയിലാണ് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്തു കൊണ്ടുള്ള ഖനനം നടക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ലോഡ് മണൽ ആദി പമ്പയുടെ തീരത്ത് വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലാണ് ഖനനമെങ്കിലും പ്രത്യാഘാതം പത്തനംതിട്ട ജില്ലയിലെ ഭൂപ്രദേശങ്ങളിലാണ് കൂടുതലായി ഇതുമൂലം ഉണ്ടാകുന്നത്. പന്പാനദിയിൽനിന്നു വെള്ളം ആദിപന്പയിലൂടെ കടത്തിവിടുകയാണ് ഖനനത്തിന്റെ ലക്ഷ്യം. എന്നാൽ പലയിടത്തും നദി മുന്പ് ഒഴുകിയിരുന്ന ഭാഗത്തെ ഒഴിവാക്കിയാണ് ഖനനം നടക്കുന്നത്.
പമ്പാനദി ആദ്യം ഒഴുകിയ വഴിയായി കണക്കാക്കുന്ന ആദി പമ്പ പൂർണമായി വറ്റി വരണ്ടത് അര നൂറ്റാണ്ട് മുമ്പാണ്. ഇടനാട് എന്ന ഗ്രാമത്തെ ചുറ്റി നാലുകിലോമീറ്റർ ഒഴുകുന്ന നദി മംഗലം എന്ന സ്ഥലത്തെത്തി പമ്പയിൽ സംഗമിക്കുന്നു. ഓതറ പുതുക്കുളങ്ങരയിൽ എത്തുമ്പോൾ ആദി പമ്പയിൽ നിന്നുമാണ് വരട്ടാർ തുടങ്ങുന്നത്.
അഞ്ച് പതിറ്റാണ്ടിന് മുമ്പ് ആദി പമ്പയിലൂടെയുള്ള ജല പ്രവാഹം നിലച്ചതോടെ വരട്ടാറിലും വെള്ളമില്ലാത്ത അവസ്ഥയായി. ഈ രണ്ട് നദികളെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നുവർഷം മുമ്പ് നദിയുടെ ആഴം കൂട്ടാൻ ഖനനം ആരംഭിച്ചത്.
എന്നാൽ അന്നും വ്യാപകമായി മണൽക്കൊള്ള നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇക്കുറിയും മണൽ ഖനനാനുമതി സർക്കാർ നൽകുന്നതിനു മുന്പ് മണൽകടത്ത് തുടങ്ങിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
മണൽ ഖനനത്തെ തുടർന്ന് രണ്ടു വർഷം മുമ്പ് ജനകീയ സമരം ആരംഭിച്ചിരുന്നു. അതോടെ മണൽ കടത്ത് നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ വേനൽ ആരംഭിച്ചതോടെയാണ് വീണ്ടും ഖനനം രൂക്ഷമായത്. കുട്ടിയിട്ടിരിക്കുന്ന മണൽ ഇതുവരെ കടത്താൻ തുടങ്ങിയിട്ടില്ല. മഴയ്ക്ക് മുമ്പ് ഇവ പൂർണമായും വിവിധ യാർഡുകളിലേക്ക് മാറ്റാനാണ് ലക്ഷ്യം.
ആദി പന്പയുടെയും വരട്ടാറിന്റെയും പുനരുജ്ജീവനത്തിനായി തയാറാക്കിയ പദ്ധതികൾ പൂർണമായി വിജയമായിരുന്നില്ല. മഴക്കാലത്ത് വെള്ളമെത്തിയെങ്കിലും വീണ്ടും ഇവ വറ്റിവരണ്ടു. പന്പയുടെ അടിത്തട്ട് ഉയർത്തിയെങ്കിൽ മാത്രമേ രണ്ട് നീർച്ചാലുകളും സജീവമായി നിലനിർത്താനാകൂവെന്നാണ് നിഗമനം.