ളാക്കൂർ റോഡിലെ വളവുകളിൽ സൂചനാ ബോർഡുകളില്ല
1537228
Friday, March 28, 2025 3:01 AM IST
പൂങ്കാവ്: ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയ കോന്നി - പൂങ്കാവ് - ളാക്കൂർ റോഡിൽ വളവുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
ളാക്കൂർ ഗവ.എൽപി സ്കൂളിനു സമീപം വീടിന്റെ മതിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ വാഹനങ്ങൾ പാഞ്ഞുകയറി നാശോന്മുഖമാക്കി.
മതിൽ തകർന്നെങ്കിലും വാഹന യാത്രികർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് വളവുകളാണെന്ന് സൂചിപ്പിക്കുന്ന യാതൊരു സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
പൂങ്കാവ് നിന്ന് കോന്നി ഭാത്തേക്കെത്തുന്ന വാഹനങ്ങൾ വളവാണെന്നു ബോധ്യപ്പെടാതെ വരുന്ന അതേ വേഗത്തിൽ തിരിയുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടത്തിനിടയാക്കുന്നത്.
പുനലൂർ ഭാഗത്തുനിന്ന് കോന്നി കവല ചുറ്റിക്കറങ്ങാതെ പത്തനംതിട്ട, മല്ലശേരിമുക്ക്, കുമ്പഴ, മലയാലപ്പുഴ ഭാഗങ്ങളിലേക്ക് ഗതാഗത ക്കുരുക്കില്ലാതെ സഞ്ചരിക്കാനുള്ള പ്രധാന പാതകൂടിയാണ്. ചന്ദനപ്പള്ളി, കൊടുമൺ ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗവുമാണ്.
ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഓടുന്നത്. സൂചനാ ബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.