പോക്സോ കേസ് പ്രതിക്ക് 73 വർഷം കഠിനതടവ്
1516574
Saturday, February 22, 2025 3:27 AM IST
പത്തനംതിട്ട: മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയയാൾക്ക് 73 വർഷം കഠിനതടവും 3.5 ലക്ഷം പിഴയും .പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി. തോട്ടപ്പുഴശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം. ജോയിയാണ് (39) ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
2019 ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച് 17 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും മറ്റും പ്രതി ബലാൽസംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടർന്നും കുട്ടിക്കു നേരെ പീഡനങ്ങളുണ്ടായി. 2023 ഫെബ്രുവരി ആറിനു വൈകുന്നേരം വീട്ടിൽ അതിക്രമിച്ചകയറി കഴുത്തിനു കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളിൽ അടിക്കുകയും ചെയ്തു.
അന്നത്തെ പോലീസ് ഇൻസ്പെക്ടർ പി. എസ്. വിനോദാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും പിന്നീട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ഹസീന പങ്കാളിയായി.