ലഹരി വിപണിക്കെതിരേ ധർണ 27ന്
1516221
Friday, February 21, 2025 3:47 AM IST
പത്തനംതിട്ട: ആഘോഷങ്ങളുടെ മറവിൽ സജീവമാകുന്ന ലഹരി വിപണി പൂർണതോതിൽ നിയ ന്ത്രിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന സംസ്ഥാനത്ത് ഉടനീളം പുതിയ ബിയർ പാർലറുകളും മദ്യവിതരണ കേന്ദ്രങ്ങളും വ്യാപകമാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കുകയും വേണമെന്ന് കേരള മദ്യവർജന ബോധവത്കരണ സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊലപാതകങ്ങൾ, ആത്മഹത്യാശ്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ നടക്കുന്ന അതിക്രമങ്ങൾ, റോഡപകടങ്ങൾ തുടങ്ങി സാമൂഹിക വിഷയങ്ങളിൽ സർക്കാർ തികഞ്ഞ ജാഗ്രത കാണിക്കണമെന്നും കാര്യക്ഷമതയില്ലാതെ പ്രവർത്തിക്കുന്ന വിമുക്തി പോലെയുള്ള സർക്കാർ സംവിധാനങ്ങൾ ജനകീയ ജാഗ്രതാ സമിതികൾക്കു വിട്ടുനൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളെയും പ്രവർത്തകരെയും സർക്കാർ സമിതികളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളമദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ 27 നു രാവിലെ 10 ന് പത്തനംതിട്ട സിവിൽ സ്റ്റേഷനു മുമ്പിൽ കൂട്ടധർണ നടത്തും.
സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി ഡോ. തോളൂർ ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, വൈസ്പ്രസിഡന്റ് സാമുവേൽ പ്രക്കാനം, ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ, കെ.ജമീല മുഹമ്മദ്, ഗിരിജ മോഹൻ തുടങ്ങിയവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.