മഠത്തുംചാൽ - മുക്കൂട്ടുതറ റോഡ് രണ്ടാംഘട്ടനിർമാണോദ്ഘാടനം നാളെ
1516555
Saturday, February 22, 2025 3:10 AM IST
റാന്നി: മഠത്തുംചാൽ- മുക്കൂട്ടുതറ റോഡിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ
ഉദ്ഘാടനം നാളെ വൈകുന്നേരം 4.30ന് ചാത്തൻതറയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാക്കുന്നതിനായി 16 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്.
മoത്തും ചാൽ - മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പുനർ നിർമാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമാണത്തിനായി 43 കോടി രൂപയാണ് അന്ന് അനുവദിച്ചത്. റോഡ് നിർമാണം 90 ശതമാനവും പൂർത്തിയായി കഴിഞ്ഞിരുന്നെങ്കിലും വൈദ്യുത പോസ്റ്റുകളും ജലഅഥോറിറ്റിയുടെ പൈപ്പുകളും മാറ്റാൻ എടുത്ത കാലതാമസം റോഡ് നിർമാണം അനന്തമായി നീണ്ടുപോകാൻ ഇടയാക്കി.
ഇതോടെ നിർമാണസാമഗ്രികളുടെ വില കൂടിയതിനാൽ ഇനി പ്രവൃത്തി പൂർത്തീകരിക്കാനാകില്ലെന്നു കാട്ടി അന്നത്തെ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു. തുടർന്ന് നിർമാണം പൂർത്തീകരിക്കുന്നതിനായി അധികമായി 16 കോടി രൂപയുടെ കൂടി അംഗീകാരം കിഫ്ബി നൽകിയതോടെ നിർമാണം പുനരാരംഭിക്കാൻ ടെൻഡർ നടത്തിയത്. 10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും.
റാന്നിയുടെ കിഴക്കൻ മേഖലയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും വിവിധ റോഡുകളെ കൂട്ടിയിണക്കിയുമാണ് മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിന്റെ പദ്ധതി തയാറാക്കിയത്.
അന്ന് എംഎൽഎയായിരുന്ന രാജു ഏബ്രഹാമിന്റെ നിർദ്ദേശ പ്രകാരം മഠത്തുംചാൽ- കരിങ്കുറ്റി റോഡ്, കരിങ്കുറ്റി- അങ്ങാടി, റാന്നിയിലെ രണ്ട് ബൈപാസ് റോഡുകൾ, മന്ദമരുതി- വെച്ചൂച്ചിറ - കനകപ്പലം, വെച്ചൂച്ചിറ - ചാത്തൻതറ- മുക്കൂട്ടു തറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയാറാക്കിയത്. കൊറ്റനാട്, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിലേക്ക് കടക്കുന്നു.
അവശേഷിക്കുന്ന ബിസി ഓവർലേ , സംരക്ഷണ ഭിത്തികൾ, അപകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിന്റെ വശങ്ങളിൽ ഓടകൾ, ഇന്റർലോക്ക് പാകൽ , ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുത്തൽ എന്നിവയ്ക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്.ബെഗോറ കൺസ്ട്രക്ഷൻൻസിനാണ് റോഡിന്റെ നിർമാണച്ചുമതല കരാർ നൽകിയിരിക്കുന്നത്.