ശമ്പളം മുടങ്ങി; പ്രത്യക്ഷ സമരവുമായി തിരുവല്ല ഡയറ്റിലെ അധ്യാപകരും ജീവനക്കാരും
1516518
Saturday, February 22, 2025 1:10 AM IST
പത്തനംതിട്ട: രണ്ടു മാസത്തെ ശമ്പളം മുടങ്ങിയതോടെ പ്രത്യക്ഷ സമരവുമായി തിരുവല്ല ഡയറ്റിലെ അധ്യാപകരും ജീവനക്കാരും.
ഡയറ്റ് പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിന്‍ അടിയന്തരമായി ലീവ് എടുത്തതാണ് അധ്യാപകരെയും ജീവനക്കാരെയും വലച്ചിരിക്കുന്നത്. ജനുവരി 13 മുതല്‍ ഫെബ്രുവരി 28വരെ ഇവര്‍ ലീവ് എടുക്കുകയായിരുന്നു.
ഇവരുടെ ലീവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അംഗീകരിച്ച് ഡയറ്റ് പ്രിന്‍സിപ്പാളിന്റെ അധിക ചുമതല കൈമാറുകയും ചെയ്തിരുന്നു. ആലപ്പുഴ ഡയറ്റ് പ്രിന്‍സിപ്പളായ ബിന്ദു കെ. ജെയ്ക്കാണ് അധിക ചുമതല നല്‍കിയിരുന്നത്.
എന്നാല്‍, ഉത്തരവ് കിട്ടിയിട്ടും ഇവര്‍ തിരുവല്ല ഡയറ്റില്‍ വന്ന് അധികാരം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ഇക്കാര്യം പറഞ്ഞ് ഡയറ്റ് അധ്യാപകരും ജീവനക്കാരും മുന്‍ പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിനെയും ചുമതല നല്കിയ ബിന്ദു കെ. ജെ.യെയും ഫോണില്‍ വിളിച്ചാല്‍ പോലും ഇവര്‍ എടുക്കാറില്ല.
ഇതോടെ ഡയറ്റിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ട്രഷറിയില്‍ നിന്നും കൈപറ്റുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇങ്ങനെ ജനുവരിയിലെ ശമ്പളം മുടങ്ങിയതോടെ അധ്യാപകരും ജീവനക്കാരും വന്‍ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
ജീവനക്കാരുടെ കുടുംബ ബജറ്റുകള്‍ താളംതെറ്റി, കുട്ടികളും പഠനം പ്രതിസന്ധിയിലായി, പലരുടെയും ലോണുകള്‍ മുടങ്ങി, പെന്ഷന് സംബന്ധമായ പേപ്പറുകള്‍ അയക്കാന്‍ സാധിക്കാത്ത സ്ഥിതി, സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങുന്ന അവസ്ഥവരെ എത്തി.
ഇതോടെയാണ് പ്രത്യക്ഷസമരവുമായി ഡയറ്റിലെ അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയത്. ഡയറ്റിന് മുന്നില്‍ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ഇന്ന് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സംഗമം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിന്ദു സി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍ സെക്രട്ടറി കെ. അജയകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആശാ ചന്ദ്രന്, എന്‍ജിഒ യൂണിയന് നേതാക്കളായ സജീഷ്, ശ്രീരാജ്, ദീപു എന്നിവര്‍ സംസാരിച്ചു.
അവധിയില്‍ പോയ പ്രിന്‍സിപ്പല്‍ ഉടന്‍ തിരിച്ചെത്തുകയോ അധിക ചുമതല നല്കിയ പ്രിന്‍സിപ്പല്‍ അധികാരം ഏറ്റെടുക്കയോടെ ചെയ്യാതെ തങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിവരില്ലെന്ന് ഡയറ്റ് ജീവനക്കാര്‍ പറയുന്നു.
കുടുംബത്തിലെ കാര്യങ്ങള്‍ അടക്കംതാളം തെറ്റിയ അവസ്ഥയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഡയറ്റ് ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുമെന്നും അവര്‍ വ്യക്തമാക്കി.