തിരുവല്ല ഡയറ്റിലും ശന്പളം മുടങ്ങി; അധ്യാപകരും ജീവനക്കാരും സമരത്തിൽ
1516566
Saturday, February 22, 2025 3:22 AM IST
തിരുവല്ല: ശമ്പളം മുടങ്ങിയതോടെ തിരുവല്ല ഡയറ്റിൽ അധ്യാപകരും ജീവനക്കാരും സമരത്തിൽ. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയും മുടങ്ങുന്ന ഘട്ടത്തിലെത്തിയതോടെയാണ് പ്രത്യക്ഷ സമരപരിപാടിയുമായി അധ്യാപകർ രംഗത്തിറങ്ങിയത്.
രണ്ടുമാസമായി ഡയറ്റിലെ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം ലഭിക്കുന്നില്ല. ഡയറ്റ് പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിന്‍ അടിയന്തരമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ശന്പളം മുടങ്ങിയത്.
ജനുവരി 13 മുതല്‍ ഫെബ്രുവരി 28വരെയാണ് പ്രിൻസിപ്പൽ അവധിയെടുത്തിരിക്കുന്നത്. അവധി അംഗീകരിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ. ബിന്ദുവിന് അധിക ചുമതല കൈമാറി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഉത്തരവ് കിട്ടിയിട്ടും തിരുവല്ല ഡയറ്റില്‍ വന്ന് അധികാരം ഏറ്റെടുക്കാന്‍ ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ തയാറായിട്ടില്ല. ഇക്കാര്യം പറഞ്ഞ് ഡയറ്റ് അധ്യാപകരും ജീവനക്കാരും മുന്‍ പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിനെയും ചുമതല നല്കിയ കെ.ജെ. ബിന്ദുവിനെയും പല തവണ ഫോണിൽ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ഡയറ്റിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ട്രഷറിയില്‍ നിന്നും കൈപ്പറ്റാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ജനുവരിയിലെ ശന്പളം മുടങ്ങിയതോടെ അധ്യാപകരും ജീവനക്കാരും പ്രതിസന്ധിയിലായി. വായ്പ തിരിച്ചടവു മുടങ്ങിയതും കുട്ടികളുടെ പഠനം പ്രതിസന്ധിയിലായതുമായ പരാതികൾ വേണ്ടുവോളം. ഇതിനിടെ ഡയറ്റുമായി ബന്ധപ്പെട്ട സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലായി.
ഇതോടെയാണ് പ്രത്യക്ഷസമരവുമായി ഡയറ്റിലെ അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയത്. ഡയറ്റിന് മുന്നില്‍ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സംഗമം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആശാ ചന്ദ്രന്, എന്‍ജിഒ യൂണിയന് നേതാക്കളായ സജീഷ്, ശ്രീരാജ്, ദീപു എന്നിവര്‍ പ്രസംഗിച്ചു.
അവധിയില്‍ പോയ പ്രിന്‍സിപ്പല്‍ ഉടന്‍ തിരിച്ചെത്തുകയോ അധിക ചുമതല നല്കിയ പ്രിന്‍സിപ്പല്‍ അധികാരം ഏറ്റെടുക്കുകയോ ചെയ്യാതെ തങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിവരില്ലെന്ന് ഡയറ്റ് ജീവനക്കാര്‍ പറയുന്നു.
കുടുംബത്തിലെ കാര്യങ്ങള്‍ അടക്കംതാളം തെറ്റിയ അസ്ഥയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഡയറ്റ് ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുമെന്നും അവർ അറിയിച്ചു.